ഇടുക്കി: വട്ടവട കൊട്ടക്കമ്പൂരിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ രണ്ടുപേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത ദാരുണ സംഭവത്തിൽ മന്ത്രി അനൂപ് ജേക്കബ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിലെ അടിയന്തര സാഹചര്യം റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാരിയമ്മയ്ക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. അതോടൊപ്പം, ദുരന്തത്തിൽ ജീവഹാനി സംഭവിച്ച ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം ലഭ്യമാക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള അടിമാലി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 21) രാവിലെ 11 മണിക്ക് മന്ത്രി സന്ദർശനം നടത്തി ആദരാഞ്ജലികൾ അർപ്പിക്കും. തുടർന്ന് ഇടുക്കി ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ദുരന്തനിവാരണ പ്രവർത്തനങ്ങളും തുടർനടപടികളും വിലയിരുത്തും.