ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദർശിച്ച് നടൻ ശിവകാർത്തികേയൻ. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച താരം, സിനിമയിൽ നിന്ന് സംസ്ഥാനത്തിന്റെ ഭരണനേതൃത്വത്തിലേക്കുള്ള വിജയ്‌യുടെ യാത്രയെ അഭിനന്ദിക്കുകയും ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പും പങ്കുവെക്കുകയും ചെയ്തു.
'ജനനായകൻ' റിലീസിന് മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് കൈമാറുന്നതും പരസ്പരം ആലിംഗനം ചെയ്യുന്നതും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നതുമായ ചിത്രങ്ങളാണ് ശിവകാർത്തികേയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'ഈ യാത്ര അസാധാരണം'; വിജയ്‌യെ പ്രശംസിച്ച് ശിവകാർത്തികേയൻ
ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തെ ശിവകാർത്തികേയൻ പ്രശംസിച്ചു.
"ഒട്ടേറെ ഹൃദയങ്ങളെ രസിപ്പിക്കുന്നതിൽ നിന്ന് ഒരു സംസ്ഥാനത്തെ നയിക്കുന്നതിലേക്കുള്ള യാത്ര ശരിക്കും അസാധാരണമാണ്. ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സാറിനെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണ്. 'രസിഗൻ എക്സ്പ്രസ്' മുതൽ വിജയ് അവാർഡ്സ് വേദിയും, പിന്നീട് 'ഗോട്ട്' സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതും കടന്ന് ഇന്നത്തെ ഈ നിമിഷം വരെ... ആ സഹോദരബന്ധവും ആത്മബന്ധവും ഇന്നും തുടരുന്നു."
'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിൽ
വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന് അടുത്തിടെയാണ് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചത്. 'എ' സർട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റുമാണ്. ചിത്രം ജൂലൈ 23-ന് തിയേറ്ററുകളിലെത്തും. ആദ്യം പൊങ്കൽ റിലീസായി ജനുവരി 9-ന് ചിത്രം പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട നിയമനടപടികൾ കാരണം റിലീസ് മാറ്റിവയ്ക്കേണ്ടിവന്നു.
'പരാശക്തി' റിലീസിനെച്ചൊല്ലി ഉയർന്ന വിവാദം
ശിവകാർത്തികേയനും രവി മോഹനും പ്രധാന കഥാപാത്രങ്ങളായ 'പരാശക്തി' യുടെ റിലീസ് തീയതി നേരത്തെയാക്കിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആദ്യം 'ജനനായകൻ' റിലീസ് ചെയ്യാനിരുന്ന ദിവസത്തോടൊപ്പം ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചതാണ് വിവാദത്തിന് കാരണം. അന്നത്തെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ വിതരണച്ചുമതല വഹിച്ചിരുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള അവസാന സിനിമയെന്ന വിശേഷണത്തോടെ എത്തിയ 'ജനനായകൻ' ലക്ഷ്യമിട്ടാണ് 'പരാശക്തി'യുടെ റിലീസ് നേരത്തെയാക്കിയതെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നീട് 'ജനനായകൻ' റിലീസ് വൈകിയതോടെ വിവാദം കൂടുതൽ ശക്തമായി.
'പരാശക്തി'യുടെ റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ താൻ ശക്തമായ സൈബർ ആക്രമണം നേരിട്ടതായി ശിവകാർത്തികേയൻ വെളിപ്പെടുത്തിയിരുന്നു."സാമൂഹികമാധ്യമങ്ങളിൽ പണമെടുത്തുള്ള സൈബർ ആക്രമണമാണ് ഞാൻ നേരിട്ടത്. ഇത്തവണ കുടുംബത്തെയും അതിലേക്ക് വലിച്ചിഴച്ചു," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.'ജനനായകൻ' റിലീസ് വൈകിയ ശേഷം രണ്ട് സിനിമകളും ഒരേ സമയം തിയേറ്ററുകളിലെത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ശിവകാർത്തികേയൻ പറഞ്ഞു."എനിക്ക് ആരോടും മത്സരമില്ല. സിനിമയിൽ എല്ലാവർക്കും ഇടമുണ്ട്. മത്സരിക്കാനായിരുന്നെങ്കിൽ ഞാൻ ഒരു അത്‌ലറ്റോ ബോക്സറോ ആയേനേ," എന്നും താരം വ്യക്തമാക്കി.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക. ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.