Logo
Wed, Aug 12, 2026 • 09:19 AM
LIVE TV
Watch

No business videos available

No Middle East videos available

പിതൃസ്മരണയില്‍ പുണ്യതീരങ്ങള്‍: സംസ്ഥാനത്ത് കര്‍ക്കടകവാവ് ചടങ്ങുകള്‍ ആരംഭിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 12, 2026
1 min read
SHARE:
SAVE: Login to save

പിതൃസ്മരണയില്‍ പുണ്യതീരങ്ങള്‍: സംസ്ഥാനത്ത് കര്‍ക്കടകവാവ് ചടങ്ങുകള്‍ ആരംഭിച്ചു

തിരുവനന്തപുരം / ആലുവ: പോയതലമുറയുടെ ആത്മശാന്തിക്കായി പ്രാര്‍ഥിച്ച്, പിതൃസ്മരണയില്‍ പുണ്യതീരങ്ങളില്‍ ഭക്തജനങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും കടവുകളിലും കര്‍ക്കടകവാവിനോടനുബന്ധിച്ച് തര്‍പ്പണച്ചടങ്ങുകള്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ ആരംഭിച്ചു. ഉച്ചവരെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടരും.

വര്‍ക്കല പാപനാശം കടപ്പുറത്ത് ചൊവ്വാഴ്ച വൈകീട്ട് മുതല്‍തന്നെ വന്‍ ജനപ്രവാഹമാണ് അനുഭവപ്പെട്ടത്. സുരക്ഷയുടെ ഭാഗമായി മൈതാനം മുതല്‍ തീരം വരെ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 4.30-ഓടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിലും നെയ്യാറിന്റെ തീരത്ത് നിരവധിപേര്‍ തര്‍പ്പണം നടത്തി. തിരുവല്ലത്തും വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിലും തിലഹോമത്തിനുള്ള പ്രത്യേക സൗകര്യങ്ങളുണ്ട്. കടലേറ്റം മൂലമുള്ള തീരനഷ്ടം കണക്കിലെടുത്ത് ശംഖുംമുഖം കടപ്പുറത്ത് കശന നിയന്ത്രണങ്ങളോടെയാണ് ബലിതര്‍പ്പണത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

ഇതിനുപുറമേ, മാറനല്ലൂര്‍ അരുവിക്കര ശാസ്താക്ഷേത്രം, നെയ്യാറ്റിന്‍കര രാമേശ്വരം ശിവക്ഷേത്രം, ആറ്റിങ്ങല്‍ പൂവമ്പാറ, കൊല്ലമ്പുഴ ആവണിപുരം, പൂവാര്‍ കടപ്പുറം, കന്യാകുമാരി, കുഴിത്തുറ താമ്രപര്‍ണി നദീതടം എന്നിവിടങ്ങളിലും നാട്ടിന്‍പുറങ്ങളിലെ പുഴകളിലും വീടുകളിലും തര്‍പ്പണച്ചടങ്ങുകള്‍ നടക്കുന്നുണ്ട്. ഉച്ചയ്ക്കുള്ള വിഭവസമൃദ്ധമായ സദ്യയോടെയാണ് വീടുകളിലെ ഒരുവര്‍ഷത്തെ തര്‍പ്പണച്ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്.

ആലുവ പെരിയാറിന്റെ തീരത്ത് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതല്‍ തര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചു. വൈകീട്ട് മൂന്ന് മണി വരെ ബലിയിടാന്‍ സൗകര്യമുണ്ടാകും. മഴ മാറിനിന്നതും പുഴയില്‍ വെള്ളം ഉയരാതിരുന്നതും ഭക്തര്‍ക്ക് ആശ്വാസമായി. മണപ്പുറത്തെ ചടങ്ങുകള്‍ക്ക് മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയും, അക്കരെയുള്ള അദ്വൈതാശ്രമത്തില്‍ മഠാധിപതി സ്വാമി ധര്‍മചൈതന്യയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നു. ആലുവയില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലും പോലീസ്, അഗ്‌നിരക്ഷാസേന, ആംബുലന്‍സ്, ലൈഫ് ഗാര്‍ഡുകള്‍, ബോംബ് സ്‌ക്വാഡ് എന്നിവയുടെ സേവന ഉറപ്പാക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്ത് മാത്രം മൂന്ന് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഭക്തരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി. വിവിധ കേന്ദ്രങ്ങളിലേക്ക് പ്രത്യേക ബസ് സര്‍വീസുകളും നടത്തുന്നുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10