തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കുരുക്ക് മുറുകുന്നു. 2025-ല്‍ നടന്ന സ്വര്‍ണ്ണപ്പാളി കൈമാറ്റത്തില്‍ പി.എസ്. പ്രശാന്ത് പ്രസിഡന്റായുള്ള ദേവസ്വം ഭരണസമിതിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. സ്വര്‍ണ്ണപ്പാളി കൈമാറ്റത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ പി.എസ് പ്രശാന്ത് അടക്കം ഒന്‍പത് പേര്‍ പ്രതികളാകും.
ശബരിമലയിലെ വിലപിടിപ്പുള്ള സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ദേവസ്വം ബോര്‍ഡിന്റെ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തിയാണെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിക്കാതെ നടത്തിയ ഈ കൈമാറ്റത്തില്‍ ഭരണസമിതിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മുന്‍പ് 2019-ല്‍ ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ചയും അതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും മറച്ചുവെക്കാനാണ് 2025-ല്‍ ഇത്തരമൊരു നിയമവിരുദ്ധ കൈമാറ്റം നടത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. പഴയ വീഴ്ചകളും തിരിമറികളും പുറത്തുപോകാതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.
ശബരിമല സ്വര്‍ണക്കൊള്ള: പിഎസ് പ്രശാന്തിന് കുരുക്ക് മുറുകുന്നു; പാളികള്‍ കൈമാറിയതില്‍ ദുരൂഹതയെന്ന് എസ്‌ഐടി കണ്ടെത്തല്