ഇറാനില്‍ സൈനിക അട്ടിമറി ഭീതി: പ്രസിഡന്റിനെ തളച്ച് ഐആര്‍ജിസി; ഭരണം പിടിച്ചെടുക്കുന്നു
Jaihind TV News Report
Jaihind TV Web Desk
April 01, 2026
1 min read
•
Updated: June 02, 2026
ടെഹ്‌റാന്‍: അമേരിക്കയുമായുള്ള യുദ്ധം തുടരുന്നതിനിടെ ഇറാനില്‍ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. രാജ്യത്തിന്റെ അധികാരം ശക്തരായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. സുപ്രീം ലീഡര്‍ ആയത്തുല്ല അലി ഖമേനിയുടെ മരണശേഷം മകന്‍ മോജ്തബ ഖമേനിയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം എവിടെയാണെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
യുഎസ് ഇസ്രായേല്‍ ആക്രമണത്തില്‍ അലി ഖമേനിയും മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മോജ്തബ ഖമേനിയെ പരമോന്നത നേതാവായി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷം മോജ്തബയെ പൊതുവേദിയില്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റേതെന്ന പേരില്‍ വരുന്ന സന്ദേശങ്ങള്‍ ടെലിവിഷനിലൂടെ വായിക്കുക മാത്രമാണ് ചെയ്യുന്നത്. മോജ്തബ ഗുരുതരാവസ്ഥയിലോ കോമയിലോ ആണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന സൂചന.
ഈ രാഷ്ട്രീയ ശൂന്യത മുതലെടുത്താണ് ഐആര്‍ജിസി ഭരണം കൈക്കലാക്കിയിരിക്കുന്നത്. മുതിര്‍ന്ന ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 'മിലിട്ടറി കൗണ്‍സില്‍' ആണ് ഇപ്പോള്‍ രാജ്യത്തെ ദൈനംദിന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. മോജ്തബയ്ക്ക് ചുറ്റും കര്‍ശനമായ സുരക്ഷാവലയം തീര്‍ത്തിരിക്കുന്ന ഐആര്‍ജിസി, ഗവണ്‍മെന്റ് റിപ്പോര്‍ട്ടുകള്‍ പോലും അദ്ദേഹത്തിന് മുന്നിലെത്തുന്നത് തടയുകയാണ്
പ്രസിഡന്റ് പെസഷ്‌കിയാന്‍ ഇപ്പോള്‍ രാഷ്ട്രീയമായി പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. സുപ്രീം ലീഡറെ കാണാന്‍ പ്രസിഡന്റ് ആവര്‍ത്തിച്ച് അനുമതി തേടിയെങ്കിലും ഐആര്‍ജിസി ഇത് നിരസിച്ചു. കൂടാതെ, മന്ത്രിസഭാ നിയമനങ്ങളിലും ഐആര്‍ജിസി ഇടപെടുന്നുണ്ട്. ഇന്റലിജന്‍സ് മന്ത്രിയായി ഹുസൈന്‍ ദെഹ്ഗാനെ നിയമിക്കാനുള്ള പ്രസിഡന്റിന്റെ നീക്കം ഐആര്‍ജിസി തലവന്‍ അഹമ്മദ് വാഹിദി തടഞ്ഞു. സുപ്രധാനമായ എല്ലാ സ്ഥാനങ്ങളിലും തങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ വരണമെന്നാണ് സൈന്യത്തിന്റെ നിലപാട്.
മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന ഐആര്‍ജിസിയുടെ നിലപാടിനോട് പ്രസിഡന്റിന് വിയോജിപ്പുണ്ട്. അയല്‍രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് ഇറാന്റെ തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് പെസഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഴ്ചകളായി തുടരുന്ന യുദ്ധം മൂലം രാജ്യത്തെ ആയുധശേഖരവും സാമ്പത്തിക സ്രോതസ്സുകളും ഏകദേശം അവസാനിച്ച നിലയിലാണ്.
എണ്ണ വ്യാപാരത്തിന്റെ പ്രധാന വഴിയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോള്‍ പൂര്‍ണ്ണമായും ഐആര്‍ജിസിയുടെ കൈകളിലാണ്. പതിറ്റാണ്ടുകളായി ഇറാന്റെ എണ്ണ, ബാങ്കിംഗ്, ഗതാഗത മേഖലകളില്‍ ശക്തമായ സ്വാധീനമുള്ള ഐആര്‍ജിസി, നിലവിലെ സാഹചര്യം ഉപയോഗിച്ച് രാജ്യം ഭരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും, ഇറാനിലെ ഭരണമാറ്റം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10