ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം: അമിത് ഷാ മറുപടി പറയണം, മോദി മാപ്പ് പറയണം; പാര്‍ലമെന്റ് പ്രക്ഷുബ്ധമാക്കാന്‍ പ്രതിപക്ഷം
സി.ജെ.പി. സമരത്തിനിടെ ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ 'ഇന്ത്യ' സഖ്യം തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിൽ ചേരുന്ന യോഗത്തിൽ പ്രതിഷേധ തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശമില്ലാതെ പോലീസ് ഇത്രയും രൂക്ഷമായി പെരുമാറില്ലെന്നും, അതിനാൽ ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.
അമിത് ഷായ്ക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
വിദ്യാർഥികളുടെ പ്രതിഷേധത്തിന് നേരെ പെല്ലറ്റുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ പോലീസിന് ആരാണ് അനുമതി നൽകിയതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച കത്തയച്ചു. പ്രധാന്റെ രാജിയോടെ വിദ്യാർഥികളുടെ പോരാട്ടം ഒന്നാംഘട്ട വിജയം കണ്ടുവെന്നും, ഇനി ലാത്തിയും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയവർക്കെതിരെ നടപടിയെടുക്കുകയും പ്രധാനമന്ത്രി ക്ഷമാപണം നടത്തുകയുമാണ് വേണ്ടതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
ചോദ്യച്ചോർച്ച തടയൽ ബിൽ ഇന്ന് ലോക്‌സഭയിൽ
അതേസമയം, ചോദ്യച്ചോർച്ച തടയുന്നതിനും കുറ്റക്കാർക്ക് കഠിനശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഭേദഗതി ബിൽ സർക്കാർ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. 2024-ലെ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) നിയമത്തിൽ ഭേദഗതി വരുത്തുന്ന ഈ ബിൽ ഇന്ന് തന്നെ സഭയിൽ പാസാക്കാനാണ് സർക്കാരിന്റെ നീക്കം. എന്നാൽ സഭയിൽ അവതരിപ്പിക്കുന്ന ഈ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമോ വേണ്ടയോ എന്നത് ഇന്ത്യ സഖ്യത്തിന്റെ തിങ്കളാഴ്ചത്തെ യോഗത്തിൽ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.