മഹാബലിയെ കേന്ദ്രീകരിച്ചുള്ള പരമ്പരാഗത ഓണ സങ്കൽപ്പങ്ങളെ കടുത്ത ഭാഷയിൽ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ. മഹാബലി ഏകാധിപതിയായ അസുര ചക്രവർത്തിയായിരുന്നുവെന്നും എല്ലാവരും ഒരുപോലെയുള്ള സമ്പൽസമൃദ്ധമായ ഒരു കാലഘട്ടം പ്രായോഗികമായി സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ ലൈവ്' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവാദ നിലപാട് വ്യക്തമാക്കിയത്.
'മാവേലി നാടു വാണിടും കാലം' എന്ന വരികളിലൂടെയാണ് മഹാബലി ജനകീയനായതെന്ന് ചൂണ്ടിക്കാട്ടിയ രാധാകൃഷ്ണൻ, ഐതിഹ്യങ്ങളിലെ വാമനനാണ് യഥാർത്ഥത്തിൽ നായകനെന്നും മഹാബലി വില്ലനാണെന്നും അഭിപ്രായപ്പെട്ടു. മനുഷ്യർ എല്ലാവരും ഈശ്വരതുല്യരാകുന്ന അവസ്ഥയിലോ അല്ലെങ്കിൽ കടുത്ത ഏകാധിപത്യത്തിന് കീഴിലോ മാത്രമേ തുല്യത സാധ്യമാകൂ എന്നും, ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലം ഇതിന് തെളിവ് തരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജാവിന്റെ കയ്യിലുള്ള സമ്പത്ത് രാജ്യത്തിന്റേതാണെന്നിരിക്കെ അത് സ്വന്തം ഇഷ്ടപ്രകാരം ദാനം ചെയ്യാൻ മഹാബലിക്ക് അധികാരമില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഞാനാണ് രാജ്യം, എന്റെ ഇഷ്ടമാണ് നിയമം' എന്ന് കരുതുന്ന അസുരസ്വഭാവമാണ് മഹാബലി കാണിച്ചതെന്നും, ഏതൊരു ഏകാധിപതിയെയും പോലെ ഒടുവിൽ പാതാളത്തിലേക്ക് താഴ്ത്തപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് വെറും ടൂറിസ്റ്റ് വിസയിൽ വരുന്ന ഒരാൾ മാത്രമാണ് മഹാബലിയെന്നും, ടൂറിസ്റ്റ് എന്ന പരിഗണനയിലാണ് ജനങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നതെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.