പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യചിത്രത്തിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിടുന്ന ബോളിവുഡ് നടി കൃതി സാനന് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി. ബ്രാലെറ്റ് ശൈലിയിലുള്ള ബ്ലൗസും കേപ് ഷ്രഗും ധരിച്ച് സഹോദരനും വളർത്തുനായയ്ക്കും രാഖി കെട്ടുന്ന പരസ്യത്തിലെ കൃതിയുടെ ലുക്കിനെ ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ട് പരസ്യമായി വിമർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു സ്ത്രീ എന്ത് ധരിക്കണം, എന്ത് ചെയ്യണം, എവിടെ പോകണം എന്നത് അവളുടെ പൂർണ്ണമായ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് രാഹുൽ ഗാന്ധി കുറിച്ചു. സ്ത്രീകൾ തങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുമ്പോൾ അതിൻ്റെ പേരിൽ അവരെ ട്രോളുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, '#SmashThePatriarchy' (പുരുഷാധിപത്യത്തെ തകർക്കുക) എന്ന ഹാഷ്‌ടാഗും പങ്കുവെച്ചു. അടുത്തിടെ പുണെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ വനിതാ റാലിയിലും രാഹുൽ ഇതേ ഹാഷ്ടാഗ് ഉപയോഗിച്ചിരുന്നു.
അതേസമയം കങ്കണയുടെ വിമർശനങ്ങൾക്കെതിരെ കൃതിയുടെ സഹോദരി നൂപൂർ സാനനും പ്രതികരണവുമായി രംഗത്തെത്തി. മറ്റൊരു സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ച് ഒരാൾക്ക് ഇത്രയധികം അസ്വസ്ഥത ഉണ്ടാകുന്നത് ആലോചിക്കാൻ പോലും കഴിയില്ലെന്നും, ബഹുമാനത്തോടെ പറയട്ടെ നിങ്ങളുടെ ചിന്താഗതി മാറ്റൂ എന്നും നൂപൂർ മറുപടി നൽകി.