ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിള്‍സ് എഫ്.സി. കേരളക്ക്
കൊച്ചി: കാല്‍പന്ത് കളിയുടെ ആവേശത്തിലേക്ക് ലോകം ഉണരുമ്പോള്‍, കേരളത്തിലും മാഹിയിലും ഫിഫ ലോകകപ്പ് മത്സരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഔദ്യോഗിക 'പബ്ലിക് വ്യൂവിങ് റൈറ്റ്‌സ്' ഈഗിള്‍സ് എഫ്.സി. കേരള സ്വന്തമാക്കി. ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സി ടിവിയില്‍ (ZEE TV) നിന്നാണ് മേത്തര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഈഗിള്‍സ് എഫ്.സി. ഈ അവകാശം നേടിയത്. ഇതോടെ, സംസ്ഥാനത്ത് ഇനി നടത്തുന്ന എല്ലാവിധ പൊതുജന സ്‌ക്രീനിങ്ങുകള്‍ക്കും ഈഗിള്‍സ് എഫ്.സി. കേരളയുടെ മുന്‍കൂര്‍ അനുമതിയും ലൈസന്‍സും നിര്‍ബന്ധമായിരിക്കും.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഔദ്യോഗിക ലോഞ്ചിങ് ചടങ്ങില്‍, സി5 (ZEE 5) മലയാളം-തമിഴ് ബിസിനസ് ഹെഡ് ലോയ്ഡ് സേവ്യര്‍, ഈഗിള്‍സ് എഫ്.സി. ചെയര്‍മാന്‍ ഷാഫി മേത്തര്‍ക്ക് അവകാശരേഖകള്‍ കൈമാറി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ലോകകപ്പിന്റെ സെമി ഫൈനലുകള്‍, മൂന്നാം സ്ഥാനത്തിനായുള്ള മത്സരം, ഫൈനല്‍ എന്നിവ ബിഗ് എല്‍.ഇ.ഡി. സ്‌ക്രീനുകളില്‍ തത്സമയം കാണിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലും ഔദ്യോഗിക 'ഫാന്‍ പാര്‍ക്കുകള്‍' ഒരുക്കും. ഫുട്‌ബോള്‍ പ്രേമികളുടെ ഈറ്റില്ലമായ മലപ്പുറം ജില്ലയില്‍ മാത്രം ഏഴ് ഔദ്യോഗിക ഫാന്‍ പാര്‍ക്കുകളാണ് സജ്ജീകരിക്കുന്നത്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട്, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, വണ്ടൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുക.
പൊതുപ്രദര്‍ശനം: ലൈസന്‍സ് നിര്‍ബന്ധം
ഫിഫയുടെ ചട്ടങ്ങള്‍ക്കും ഐ.പി.ആര്‍. (IP Rights) നിയമങ്ങള്‍ക്കും വിരുദ്ധമായി മുന്‍കാലങ്ങളില്‍ നടന്നിരുന്ന വ്യാജ സ്‌ക്രീനിങ്ങുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹോട്ടലുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, മാളുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍, ഫാന്‍സ് ക്ലബ്ബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവര്‍ക്കും പൊതുപ്രദര്‍ശനത്തിന് ലൈസന്‍സ് നിര്‍ബന്ധമാണ്.
പ്രവേശന ഫീസ് ഈടാക്കുന്നതും അല്ലാത്തതുമായ എല്ലാ പൊതുപ്രദര്‍ശനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. അതേസമയം, വീടുകളില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് കാണുന്ന സ്വകാര്യ പ്രദര്‍ശനങ്ങള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല.
ലൈസന്‍സിങ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.EaglesFCKerala.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും വിവിധ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുകളുടെയും പിന്തുണയോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.