ലോകകപ്പ് ഫുട്‌ബോളില്‍ ചരിത്രമെഴുതാന്‍ മലയാളി തിളക്കം; ഖത്തര്‍ ദേശീയ ടീമിനായി ബൂട്ട് കെട്ടാന്‍ തഹ്സീന്‍ മുഹമ്മദ്
ദോഹ/കണ്ണൂര്‍: വരാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ കേരളത്തില്‍ നിന്ന് ഖത്തര്‍ ദേശീയ ടീമിനും ഇനി ലക്ഷക്കണക്കിന് ആരാധകരുണ്ടാകും. ലോകകപ്പിന്റെ വലിയ വേദിയില്‍ ഒരു മലയാളി താരത്തിന്റെ അരങ്ങേറ്റം കാണാനുള്ള ചരിത്രപരമായ കാത്തിരിപ്പിലാണ് ഇപ്പോള്‍ കേരളം. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ഖത്തറിന് വേണ്ടി കണ്ണൂര്‍ സ്വദേശിയായ തഹ്സീന്‍ മുഹമ്മദ് കളിക്കാനിറങ്ങും. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരു രാജ്യത്തിന്റെ അന്തിമ സ്‌ക്വാഡില്‍ ഉള്‍പ്പെടുന്ന ആദ്യ മലയാളി എന്ന സുവര്‍ണ്ണ റെക്കോര്‍ഡാണ് ഇതോടെ 19-കാരനായ തഹ്സീന്‍ സ്വന്തമാക്കിയത്.
കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനാണ് ഈ യുവതാരം. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിന്റെ മുന്നേറ്റനിര താരമാണ് തഹ്സീന്‍. 1996-ല്‍ ഖത്തറിലേക്ക് കുടിയേറിയതാണ് തഹ്സീന്റെ കുടുംബം. ഖത്തറില്‍ ജനിച്ചുവളര്‍ന്ന തഹ്സീന്‍, ചെറുപ്രായം മുതല്‍ക്കേ രാജ്യത്തിന്റെ യൂത്ത് ടീമുകളില്‍ സജീവമായിരുന്നു. ഖത്തര്‍ ദേശീയ ടീമിന്റെ അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ ഇതിനകം തന്നെ തഹ്സീന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഖത്തര്‍ പൗരത്വമുള്ള തഹ്സീന്‍ ഏറെ അഭിമാനത്തോടെയാണ് ഖത്തറിനെ തന്റെ സ്വന്തം രാജ്യമെന്ന് വിശേഷിപ്പിക്കുന്നത്.
ലോകപ്രശസ്തമായ 'ആസ്പയര്‍ ഫുട്ബോള്‍ അക്കാദമി'യിലാണ് ഈ മലയാളി താരം പന്തുകളിയുടെ സകല അടവുകളും പഠിച്ചെടുത്തത്. പണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള, മികച്ചൊരു ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ പിതാവ് ജംഷീദാണ് തഹ്സീന്റെ ഏറ്റവും വലിയ പ്രചോദനം. മൈതാനത്തിന്റെ ലെഫ്റ്റ് വിങ്ങില്‍ അതിവേഗം പന്തുമായി കുതിക്കുന്ന തഹ്സീന്‍, പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞ് മുന്നേറുന്നതിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അതീവ മിടുക്കനാണ്. വരാനിരിക്കുന്ന ലോകകപ്പില്‍ ഫുട്ബോള്‍ ലോകം ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന യുവതാരങ്ങളില്‍ ഒരാളായി തഹ്സീന്‍ മുഹമ്മദ് മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.