കൊയിലാണ്ടി: ഗ്രീസിലെ ഏതൻസിൽ നടന്ന വേൾഡ് യൂത്ത് മൂവത്തായ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച കൊയിലാണ്ടി സ്വദേശി വസുദേവ് അരവിന്ദിന് ഇരട്ട വെങ്കല മെഡൽ തിളക്കം.
അണ്ടർ 12 വിഭാഗത്തിൽ മൈനസ് 30 കിലോഗ്രാം കാറ്റഗറിയിലാണ് വസുദേവ് രണ്ട് വെങ്കല മെഡലുകൾ സ്വന്തമാക്കിയത്. ഈ വിഭാഗത്തിൽ യൂറോപ്യൻ രാജ്യത്ത് നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടവും വസുദേവിന്റെ പേരിലായി.
തുടർച്ചയായി മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത ഇന്ത്യയിലെ ഏക കായികതാരമെന്ന ചരിത്രനേട്ടവും വസുദേവ് അരവിന്ദ് കരസ്ഥമാക്കി. മൂന്നര വയസ്സുമുതൽ കൊയിലാണ്ടി ടൊർണാഡോ ഫൈറ്റ് ക്ലബ്ബിൽ മൂവത്തായ് പരിശീലനം ആരംഭിച്ച താരം, കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശീലനത്തിലൂടെയുമാണ് അന്താരാഷ്ട്ര വേദിയിൽ ഈ മികവ് കൈവരിച്ചത്.
അധ്യാപകരായ അരവിന്ദ് എസ്., അഖില ചന്ദ്രൻ എന്നിവരാണ് വസുദേവിന്റെ മാതാപിതാക്കൾ.
ഏതൻസിൽ ഇരട്ട വെങ്കലത്തിളക്കവുമായി വസുദേവ് അരവിന്ദ്; ലോക യൂത്ത് മൂവത്തായ് ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി സ്വദേശിക്ക് ചരിത്രനേട്ടം