തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണക്കേസിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു. സിബിഐ കൊച്ചി യൂണിറ്റിലെ അഴിമതി നിരോധന വിഭാഗം എസ്പി വി. ദേവരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെയും മാതാവ് ബി. ശാന്തകുമാരിയുടെയും മൊഴി രേഖപ്പെടുത്തിയ സംഘം, തിരുവനന്തപുരം പള്ളിപ്പുറത്തെ അപകടസ്ഥലവും സന്ദർശിച്ചു. 2018 സെപ്റ്റംബർ 25-ന് പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപം കാർ മരത്തിലിടിച്ചായിരുന്നു അപകടം. മകൾ തേജസ്വിനി അപകടസ്ഥലത്തും ബാലഭാസ്കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്; ഭാര്യ ലക്ഷ്മി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
മരണവുമായി ബന്ധപ്പെട്ട് കോടതി ചൂണ്ടിക്കാട്ടിയ സംശയാസ്പദമായ 20 സാഹചര്യങ്ങളിൽ വ്യക്തത തേടുകയാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. സിബിഐയിലെ അഡിഷണൽ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന മൂന്നാമത്തെ അന്വേഷണമാണിത്. ആദ്യ സംഘം അപകടമരണമെന്ന നിഗമനത്തിലാണ് എത്തിയത്. തുടർന്ന് സ്വർണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന മാതാപിതാക്കളുടെ പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം തുടരന്വേഷണം നടത്തിയ സിബിഐ ഇൻസ്പെക്ടറും പഴയ കണ്ടെത്തലുകൾ ആവർത്തിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതിനെതിരെ മാതാപിതാക്കൾ ആദ്യം മജിസ്ട്രേറ്റ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചതോടെയാണ് പുതിയ അന്വേഷണത്തിന് വഴിയൊരുങ്ങിയത്.
ബാലഭാസ്കർ കേസ്; സിബിഐ പുനരന്വേഷണം തുടങ്ങി, മാതാപിതാക്കളുടെ മൊഴിയെടുത്തു പള്ളിപ്പുറത്തെ അപകടസ്ഥലം സന്ദർശിച്ചു