Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഒ.ജെ. ജെനീഷ്

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഒ.ജെ. ജെനീഷ്

പുതിയ തലമുറയിലെ ക്രിക്കറ്റ് പ്രതിഭകൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ആവിഷ്കരിച്ച 'റോഡ് ടു കെസിഎൽ' പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും കായിക മന്ത്രി ഒ.ജെ. ജെനീഷ് നിർവഹിച്ചു. ചടങ്ങിൽ, 70-ാമത് ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ-19 ആൺകുട്ടികളുടെ ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ റണ്ണറപ്പായ കേരള ടീം അംഗങ്ങളെ മന്ത്രിയും കെസിഎ ഭാരവാഹികളും ചേർന്ന് ആദരിച്ചു. ടീമിന് അഞ്ച് ലക്ഷം രൂപ പാരിതോഷികവും കൈമാറി.

ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഭാഗമാക്കുകയും സ്കൂൾ തല മത്സരങ്ങളിലൂടെ പ്രതിഭകളെ കണ്ടെത്തി ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലേക്കും കേരള ക്രിക്കറ്റ് ലീഗിലേക്കും (കെസിഎൽ) വളർത്തിയെടുക്കുകയും ചെയ്യുന്ന ദീർഘകാല പദ്ധതിയാണ് 'റോഡ് ടു കെസിഎൽ'. ഇതിന്റെ ഭാഗമായി ഇന്റർ-സ്കൂൾ ടൂർണമെന്റുകൾ, വിവിധ ജില്ലാ-സംസ്ഥാന ടൂർണമെന്റുകൾ, വിദഗ്ധ പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കും. മികവ് പുലർത്തുന്ന താരങ്ങൾക്ക് കെസിഎ ഹൈ-പെർഫോമൻസ് സെന്ററിൽ പരിശീലനത്തിനും അവസരം നൽകും.

ക്രിക്കറ്റിന് പ്രചാരം കുറവുള്ള ജില്ലകളിലേക്കും സ്കൂളുകളിലേക്കും ഈ കായികയിനം എത്തിക്കുക, വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും പ്രോത്സാഹിപ്പിക്കുക, കായികാധ്യാപകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, പെൺകുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

പദ്ധതിയുടെ ഭാഗമായി സ്കൂൾതലത്തിൽ പ്രതിഭകളെ കണ്ടെത്താനും മത്സരപരിചയം നൽകാനുമായി തെരഞ്ഞെടുക്കപ്പെടുന്ന 20 ടീമുകളെ പങ്കെടുപ്പിച്ച് കെസിഎ ജില്ലാ ടൂർണമെന്റ് സംഘടിപ്പിക്കും. സംസ്ഥാനത്തെ അംഗീകൃത സർക്കാർ, എയ്ഡഡ്, സ്വകാര്യ ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂളുകൾക്ക് അപേക്ഷിക്കാം. ഒരു സ്കൂളിൽ നിന്ന് ഒരു ടീമിന് മാത്രമേ രജിസ്റ്റർ ചെയ്യാനാകൂ. 15 ഓവർ ഫോർമാറ്റിൽ നടക്കുന്ന മത്സരങ്ങളിൽ ഒരു ദിവസം പരമാവധി മൂന്ന് മത്സരങ്ങളായിരിക്കും ഉണ്ടാവുക.

പങ്കെടുക്കുന്ന എല്ലാ സ്കൂൾ ടീമുകൾക്കും പ്രത്യേക സെലക്ഷൻ പരിപാടികൾ ഒരുക്കും. മത്സരങ്ങൾ കെസിഎ ടാലന്റ് കമ്മിറ്റിയും സെലക്ഷൻ കമ്മിറ്റിയും നിരീക്ഷിക്കും. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് വിദഗ്ധ പരിശീലനവും സ്കോളർഷിപ്പുകളും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന 20 സ്കൂളുകൾക്കു പുറമെ, അപേക്ഷിക്കുന്ന മറ്റ് സ്കൂളുകളിലെ താരങ്ങൾക്കായി നെറ്റ്സ് സെലക്ഷനിലൂടെ 'ടാലന്റ് സ്കാൻ' നടത്തും. ഇത്തരത്തിൽ 1,000 യുവതാരങ്ങൾക്ക് 'റോഡ് ടു കെസിഎൽ - ഫ്യൂച്ചർ സൂപ്പർ സ്റ്റാർ' പദ്ധതിയിലൂടെ പരിശീലനം നൽകും.

2026–27 അധ്യയന വർഷത്തിൽ ഏഴ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ യോഗ്യത. ഒരു സ്കൂളിന്റെ പ്രാഥമിക സ്ക്വാഡിൽ പരമാവധി 20 താരങ്ങളെ ഉൾപ്പെടുത്താം. ഒരേ സീസണിൽ ഒരു താരം ഒന്നിലധികം സ്കൂളുകൾക്കായി കളിക്കാൻ പാടില്ല. ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്ക് കെസിഎയുടെ പ്രത്യേക അനുമതിയുണ്ടെങ്കിലേ അവസരം ലഭിക്കൂ. മത്സരസമയത്ത് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സ്കൂൾ തിരിച്ചറിയൽ കാർഡ് എല്ലാ താരങ്ങളുടെയും പക്കൽ നിർബന്ധമായും ഉണ്ടായിരിക്കണം.

കെസിഎയുടെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയാണ് സ്കൂളുകൾ രജിസ്റ്റർ ചെയ്യേണ്ടത്. പ്രാരംഭ അപേക്ഷയ്ക്ക് ഫീസില്ല. 20-ൽ കൂടുതൽ സ്കൂളുകൾ അപേക്ഷിച്ചാൽ മുൻകാല ക്രിക്കറ്റ് നേട്ടങ്ങൾ, പരിശീലന-അക്കാദമി സൗകര്യങ്ങൾ, അംഗീകൃത ടൂർണമെന്റുകളിലെ സ്ഥിരമായ പങ്കാളിത്തം, ഗ്രൗണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാകും ടീമുകളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾ ഓൺലൈനായി 1,000 രൂപ പ്രവേശന ഫീസ് അടയ്ക്കണം; ടൂർണമെന്റിൽ വിജയകരമായി പങ്കെടുക്കുന്ന ടീമുകൾക്ക് മത്സരശേഷം ഈ തുക തിരികെ നൽകും.

അപേക്ഷയോടൊപ്പം ജനനത്തീയതി തെളിയിക്കുന്നതിനായി ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റ്, പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ രജിസ്റ്റർ പകർപ്പ്, പാസ്പോർട്ട് എന്നിവയിലൊന്ന് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. സ്കൂൾ ബോണഫൈഡ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, മുൻകാല നേട്ടങ്ങളുടെ രേഖകൾ എന്നിവയും സമർപ്പിക്കണം. വിവരങ്ങളുടെയും രേഖകളുടെയും ആധികാരികത പ്രിൻസിപ്പലോ സ്ഥാപന മേധാവിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളുടെ സ്കൂൾ കമ്മിറ്റികളാണ് അപേക്ഷകൾ പരിശോധിക്കുക.

ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അധ്യക്ഷനായ ജില്ലാതല ടൂർണമെന്റ് മാനേജ്‌മെന്റ് കമ്മിറ്റികളും കെസിഎ നിയോഗിക്കുന്ന സോണൽ കൺവീനർമാരും പ്രവർത്തിക്കും. രജിസ്ട്രേഷൻ തീയതികൾ, മത്സരക്രമം, വേദികൾ, സമയക്രമം എന്നിവ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് കെസിഎ വ്യക്തമാക്കി.

Related articles

See all
Popular News

ഏതൻസിൽ ഇരട്ട വെങ്കലത്തിളക്കവുമായി വസുദേവ് അരവിന്ദ്; ലോക യൂത്ത് മൂവത്തായ് ചാമ്പ്യൻഷിപ്പിൽ ക...

Popular News

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് അസിസ്റ്റന്റ് ഡയറക്ടർ നിയമനം; ഉത്തരവ് കൈമാറി മ...

Popular News

ഭയം ഗ്രസിക്കുന്നുവെങ്കിൽ അയാള്‍ ധോണിയല്ല': തലയോടുള്ള ആരാധന തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡ...

Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Save your stories

Sign in