ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഗുരുതരമായ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. 17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഇര്‍ഫാന്റെ അപ്പീലില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ണ്ണായക ഉത്തരവ്.
2002 ഫെബ്രുവരി 27-ന് രാവിലെ ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്റ്റേഷന് സമീപം സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ചിന് തീപിടിച്ച സംഭവമാണ് കേസിനാധാരം. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരാണ് ഈ കോച്ചിലുണ്ടായിരുന്നത്. തീപിടുത്തത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 59 പേര്‍ വെന്തുമരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവം ഗുജറാത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെക്കുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പ്രത്യേക എസ്.ഐ.ടി കോടതി 31 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിക്കുകയും 63 പേരെ വെറുതെവിടുകയും ചെയ്തു. തുടര്‍ന്ന് 2017-ല്‍ ഗുജറാത്ത് ഹൈക്കോടതി 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയും മറ്റ് 20 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വധശിക്ഷ ഇളവ് ചെയ്തതിനെതിരെ ഗുജറാത്ത് സര്‍ക്കാരും ശിക്ഷയ്‌ക്കെതിരെ പ്രതികളും നല്‍കിയ അപ്പീലുകള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്നതും പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കേസിലെ മറ്റ് പല പ്രതികള്‍ക്കും സുപ്രീം കോടതി നേരത്തെയും ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിച്ചു