ന്യൂഡൽഹി: ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അമ്മ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് പ്രകാശന ചടങ്ങിൽ തന്റെ മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങളിൽ ബിജെപി വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം.
ഞായറാഴ്ച എക്സിൽ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. ബിജെപിയും ആർഎസ്എസും അത്യാഗ്രഹികളും ജാതിവാദികളും പുരുഷാധിപത്യ ചിന്താഗതിക്കാരുമാണെന്നും, ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് യാതൊരു ധാരണയുമില്ലെന്നും അദ്ദേഹം ആരോപിച്ചു. കുറിപ്പിനൊപ്പം ശിവനും പാർവതിയും ഒന്നിച്ചുള്ള അർധനാരീശ്വര ശിൽപ്പത്തിന്റെ ചിത്രവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്തോറും ഈ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നുണ്ടെന്ന് രാഹുൽ ഗാന്ധി തന്റെ കുറിപ്പിൽ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ എലിഫന്റ ഗുഹകളിലുള്ള ശിവന്റെയും പാർവതിയുടെയും അർധനാരീശ്വര രൂപത്തിലുള്ള ശിൽപ്പത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ശിവനും പാർവതിയും ഒരേ ശരീരത്തിന്റെ രണ്ട് പകുതികളായി ചിത്രീകരിക്കപ്പെടുന്ന രൂപമാണ് അർധനാരീശ്വരൻ.
ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ മനസ്സിൽ ഭയവും ദേഷ്യവും വിദ്വേഷവും നിറഞ്ഞുനിൽക്കുകയാണെന്നും, അതാണ് സ്നേഹം പ്രകടിപ്പിക്കുന്നതിൽ നിന്ന് അവരെ തടയുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങിങ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കവെ, ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ അമ്മ അച്ഛൻ രാജീവ് ഗാന്ധിയുടെ മടിയിൽ ഇരിക്കാറുണ്ടായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഇതൊരു സാധാരണ കാര്യമായാണ് താൻ കരുതിയിരുന്നതെന്നും, സുഹൃത്തുക്കളുടെ വീടുകളിൽ ഇതുപോലെ കാണാത്തപ്പോൾ അതേക്കുറിച്ച് അവരോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം ചടങ്ങിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെ ബിജെപി വിമർശനം ഉന്നയിച്ചതോടെയാണ് പുതിയ രാഷ്ട്രീയ വാക്പോരിന് തുടക്കമായത്.
ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ച് രാഹുൽ ഗാന്ധി