തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് പരസ്യമാകുന്നു. പി. ജയരാജനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇ.പി. ജയരാജന്‍ ഉന്നയിച്ചിരിക്കുന്നത്. പി. ജയരാജനും റിസോര്‍ട്ട് ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ഓഹരി പങ്കാളി സ്വര്‍ണക്കടത്തുകാരനാണെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു.
കോടിയേരി ബാലകൃഷ്ണനെതിരെ പി. ജയരാജന്‍ അപവാദപ്രചാരണം നടത്തിയെന്നും ഇ.പി. ആരോപിക്കുന്നു. ഇതിനുപുറമെ, പിണറായി വിജയനും മകള്‍ക്കുമെതിരായ കേസില്‍ പി. ജയരാജന്‍ രേഖകള്‍ ശേഖരിച്ചുവെന്ന ഗുരുതരമായ ആരോപണവും ഇ.പി. ജയരാജന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
വൈദേകം റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ നേരത്തെ പാര്‍ട്ടിയില്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പി. ജയരാജനെതിരെ പ്രത്യാക്രമണവുമായി ഇ.പി. രംഗത്തെത്തിയിരിക്കുന്നത്.
2022-ലാണ് പി. ജയരാജന്‍ ആദ്യമായി ഈ വിഷയം പാര്‍ട്ടിക്ക് മുന്നിലെത്തിച്ചത്. വൈദേകം റിസോര്‍ട്ടില്‍ ഇ.പി. ജയരാജന് സാമ്പത്തിക നിക്ഷേപമുണ്ടെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത് നിഷേധിച്ച ഇ.പി. ജയരാജന്‍, തന്റെ ഭാര്യ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യങ്ങളാണ് റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്നായിരുന്നു വിശദീകരിച്ചത്.
എന്നാല്‍, ഒരു മാസം മുന്‍പ് കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം കൈപ്പറ്റിയെന്നും ഈ തുകയാണ് വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്നും ജയരാജന്റെ സഹോദരീപുത്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ വിഷയം വീണ്ടും ചര്‍ച്ചയാവുകയും പി. ജയരാജന്‍ പരാതി ആവര്‍ത്തിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പുതിയ നടപടി.