ന്യൂഡല്‍ഹി: സുരക്ഷിതമല്ലാത്ത കുപ്പിവെള്ളം വിപണിയിലിറക്കിയതുമായി ബന്ധപ്പെട്ട് പ്രമുഖ ബ്രാന്‍ഡായ ബിസ്ലെരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നല്‍കി. കമ്പനിയുടെ കുടിവെള്ള സാമ്പിളുകളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ബ്രോമേറ്റും, കാന്‍സറിന് കാരണമായേക്കാവുന്ന പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും (PAHs) അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരിശോധനയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ബിസ്ലെരിയുടെ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ (മിനറല്‍ വാട്ടര്‍ അല്ലാത്തത്) സാമ്പിളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയത്. ഇതോടെ 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് അതോറിറ്റി പ്രഖ്യാപിച്ചു. ഇതിനെതിരെ കമ്പനി നല്‍കിയ അപ്പീലിനെത്തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍, രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും, അതില്‍ അപകടകരമായ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുമായിരുന്നു.
ലബോറട്ടറി പരിശോധനാ ഫലങ്ങളിലൂടെ ഭക്ഷ്യസുരക്ഷാ നിയമലംഘനം വ്യക്തമായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് ബിസ്ലെരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയതെന്ന് എഫ്എസ്എസ്എഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് 'ആശ കണ്‍ഫെക്ഷനറി'യുടെ (Asha Confectionery) മുന്‍കൂട്ടി പാക്ക് ചെയ്ത ചോക്ലേറ്റ് നിറച്ച കുക്കികള്‍ വിപണിയില്‍ നിന്ന് തിരികെ വിളിക്കാനും എഫ്എസ്എസ്എഐ ഉത്തരവിട്ടു. ഉത്പ്പന്നത്തിന്റെ ലേബലില്‍ രേഖപ്പെടുത്താത്ത കൃത്രിമ നിറമായ കാര്‍മോസിന്‍ (Carmoisine) കുക്കികളില്‍ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.
കാന്‍സറിന് കാരണമായേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ കണ്ടെത്തി; ബിസ്‌ലെരി കുടിവെള്ള കമ്പനിക്കെതിരെ നിയമനടപടിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി