തളിപ്പറമ്പ്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്ത് ഇന്ന് വിധി പ്രസ്താവിക്കും. കേസില്‍ ആകെ 20 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികളായുള്ളത്. ഇതില്‍ പന്ത്രണ്ടാം പ്രതിയായ സി ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടതിനാല്‍, ശേഷിക്കുന്ന 19 പ്രതികളുടെ വിചാരണ നടപടികളാണ് പൂര്‍ത്തിയായിരിക്കുന്നത്.
2016 ജൂലൈ 11-ന് രാത്രി പത്ത് മണിയോടെ ധനരാജിനെ ഒരു സംഘം വീടിന് മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അന്നത്തെ പയ്യന്നൂര്‍ സിഐ ആയിരുന്ന വി രമേശനാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് സിഐ ആയി ചുമതലയേറ്റ എം പി ആസാദ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2025 സെപ്റ്റംബര്‍ 25-ന് വിചാരണ ആരംഭിച്ച കേസില്‍ 43 സാക്ഷികളെ കോടതി വിസ്തരിക്കുകയും, 177 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
രാമന്തളി മൊട്ടക്കുന്നിലെ ടി പി ബിജു (34), കക്കംപാറയിലെ എം വിപിന്‍ (34), എം വൈശാഖ് (31), ചിറ്റടിയിലെ സി സുകേഷ് (31), കക്കംപാറയിലെ കെ വി പ്രജിത്ത് ലാല്‍ (31), കെ അനൂപ് (31), പണ്ടാരവളപ്പില്‍ രാജേഷ് (39), കാങ്കോല്‍ ആലക്കാട്ടെ കെ എം ബിജു (44), പയ്യന്നൂര്‍ കാരയിലെ പി രാജേഷ് കുമാര്‍ (53), രാമന്തളി കക്കംപാറയിലെ കെ മനൂപ് (32), മൊട്ടക്കുന്നിലെ സി ഷൈജു (31), കക്കംപാറയിലെ കെ ധനേഷ് (39), മൊട്ടക്കുന്നിലെ പി പി രാജീവന്‍ (34), കക്കംപാറയിലെ കെ മധു (42), തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ എസ് ആര്‍ അജീഷ് എന്ന കണ്ണന്‍ (38), ചെറുവത്തൂര്‍ കുട്ടമത്തെ തമ്പാന്‍ മണിയേരി (58), പയ്യന്നൂര്‍ കാരയിലെ രമേശന്‍ കാര (50), കാങ്കോല്‍ വടശ്ശേരിയിലെ എ പി നിജേഷ് എന്ന കുട്ടന്‍ (38), മൊട്ടക്കുന്നിലെ മാട്ടൂക്കാരന്‍ ലിജിന്‍ (31) എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍.
അതേസമയം, ധനരാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടന്നതായി വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് കേസ് വീണ്ടും വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
ധനരാജ് വധക്കേസ്: വിധി ഇന്ന്