Logo
Wed, Aug 19, 2026 • 04:12 PM
LIVE TV
Watch

No business videos available

No Middle East videos available

സിപിഐ, സിപിഎം നേതാക്കളുടെയും അംഗങ്ങളുടെയും വിവരശേഖരണം: വിവാദ ഉത്തരവിട്ട തഹസിൽദാർക്ക് സസ്‌പെൻഷൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 19, 2026
1 min read
SHARE:
SAVE: Login to save

സിപിഐ, സിപിഎം നേതാക്കളുടെയും അംഗങ്ങളുടെയും വിവരശേഖരണം: വിവാദ ഉത്തരവിട്ട തഹസിൽദാർക്ക് സസ്‌പെൻഷൻ

ചെന്നൈ: തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ കുജിലിയമ്പാറയിൽ സിപിഐ, സിപിഎം നേതാക്കളുടെയും അംഗങ്ങളുടെയും വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ വിവാദ ഉത്തരവിറക്കിയ തഹസിൽദാർ എം. അയ്യാസാമിയെ തമിഴ്‌നാട് സർക്കാർ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നേരിടുന്നതിനായി ചെന്നൈയിലെ റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണർക്ക് മുൻപാകെ നേരിട്ട് ഹാജരാകാനും ഉദ്യോഗസ്ഥന് നിർദേശം നൽകി.

കുജിലിയമ്പാറ താലൂക്കിന് കീഴിലുള്ള എല്ലാ ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന സിപിഐ, സിപിഎം പാർട്ടികളുടെ ഭാരവാഹികളുടെയും അംഗങ്ങളുടെയും പേരും വിലാസവും ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് അന്നുതന്നെ വൈകുന്നേരത്തോടെ സമർപ്പിക്കണമെന്നായിരുന്നു തഹസിൽദാറുടെ നിർദേശം. ഡെപ്യൂട്ടി തഹസിൽദാർമാർ, സോണൽ സബ് തഹസിൽദാർമാർ, റവന്യൂ ഇൻസ്പെക്ടർമാർ, വില്ലേജ് അസിസ്റ്റന്റുമാർ എന്നിവർക്കായിരുന്നു ഉത്തരവ് നൽകിയിരുന്നത്.

നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ കൈമാറാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെയാണ് വിവാദ ഉത്തരവ് പുറത്തുവന്നത്.

ഉത്തരവിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഡിണ്ടിഗലിൽ നിന്നുള്ള സിപിഎം എംപി ആർ. സച്ചിതാനന്ദം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണകാലത്തോ ക്രിമിനൽ ട്രൈബ്സ് ആക്ട് നിലനിന്നിരുന്ന കാലഘട്ടത്തിലോ പോലും ഒരു റവന്യൂ ഉദ്യോഗസ്ഥൻ ഇത്തരമൊരു ജനാധിപത്യവിരുദ്ധ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

തഹസിൽദാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത നടപടിയാണിതെന്നാരോപിച്ച് സംസ്ഥാനത്തെ ഇടതുപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. വിവാദ ഉത്തരവിനെ തുടർന്ന് തഹസിൽദാറെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി സംഭവത്തിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10