ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാംഗങ്ങൾക്ക് പുതിയ കാറുകളും അധിക അലവൻസുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. മണ്ഡലങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ കാര്യക്ഷമമായി പരിഹരിക്കുന്നതിനുമാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
വിസികെ എംഎൽഎ ജ്യോതിമണി നിയമസഭയിൽ ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നിയമസഭാംഗങ്ങൾക്ക് ജനപ്രതിനിധികളെന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ നിലവിലില്ലെന്നും എല്ലാ എംഎൽഎമാർക്കും കാറുകൾ അനുവദിക്കണമെന്നും ജ്യോതിമണി ആവശ്യപ്പെട്ടിരുന്നു. മണ്ഡലങ്ങളിലേക്കുള്ള യാത്രയ്ക്കായി ശമ്പളത്തിൽനിന്ന് വലിയ തുക ചെലവഴിക്കേണ്ടിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് മറുപടിയായാണ് സംസ്ഥാനത്തെ എല്ലാ എംഎൽഎമാർക്കും പുതിയ കാറുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്.
കാറുകൾ അനുവദിക്കുന്നതിന് പുറമെ ഡ്രൈവറുടെ ശമ്പളം, വാഹന പരിപാലനം ഉൾപ്പെടെയുള്ള അനുബന്ധ ചെലവുകൾക്കായി ഓരോ എംഎൽഎയ്ക്കും പ്രതിമാസം 75,000 രൂപ വീതം അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, ഓരോ എംഎൽഎയുടെ ഓഫീസിലും ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി പ്രതിമാസം 25,000 രൂപ വീതം അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
എംഎൽഎമാരുടെ മണ്ഡലതല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ജനങ്ങളുമായി നേരിട്ടുള്ള ഇടപെടൽ ശക്തിപ്പെടുത്താനും പുതിയ സൗകര്യങ്ങൾ സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.