"വെള്ളിപ്പാള്ളിയുടെ വർഗീയതയ്ക്ക് മറുപടി നൽകിയില്ല; ശൈലജയെ ഒതുക്കാൻ നോക്കിയതും വിനയായി; പത്തനംതിട്ടയ്ക്കും പാലക്കാടിനും പിന്നാലെ കോഴിക്കോടും പിണറായിക്കെതിരെ കടുത്ത വിമർശനം
നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പത്തനംതിട്ട, പാലക്കാട് ജില്ലകൾക്ക് പിന്നാലെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും പിണറായി വിജയനെതിരേ കടുത്ത വിമർശനമാണ് ഉയർന്നത്. പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം പൊതുസമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു. ശനിയാഴ്ച ആരംഭിച്ച ജില്ലാ കമ്മിറ്റി യോഗം ഞായറാഴ്ചയും തുടരുകയാണ്. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിലാണ് പിണറായി വിജയനെയും പാർട്ടി നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നത്. നിസാരമായ കാര്യങ്ങളോട് പോലും പിണറായി ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും ഇത് ജനങ്ങളിൽ അതൃപ്തിയുണ്ടാക്കിയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പിണറായിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ ശൈലികളെയും പെരുമാറ്റങ്ങളെയും തിരുത്താൻ പാർട്ടി നേതൃത്വം തയ്യാറാകാതിരുന്നതാണ് പ്രതിസന്ധി ഗുരുതരമാക്കിയത്. തുടർച്ചയായി ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടായിട്ടും പാർട്ടി മൗനം പാലിച്ചത് യുവതലമുറയ്ക്കിടയിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കാൻ കാരണമായി. ഇത് ഇടതുമുന്നണിക്ക് ഒന്നാകെ വലിയ പ്രതിച്ഛായാനഷ്ടമാണ് ഉണ്ടാക്കിയതെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയെ തിരുത്തേണ്ട ബാധ്യത പാർട്ടി കൃത്യമായി നിർവഹിച്ചില്ലെന്ന ആക്ഷേപമാണ് യോഗത്തിൽ ശക്തമായി ഉയർന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വോട്ടുകളും സ്ത്രീ വോട്ടുകളും പാർട്ടിയിൽ നിന്ന് അകന്നുപോയതിനെക്കുറിച്ചും യോഗത്തിൽ ഗൗരവമായ ചർച്ച നടന്നു. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായ വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ മന്ത്രിമാരുടെയോ സി.പി.എമ്മിന്റെയോ ഭാഗത്തുനിന്ന് അതിനനുസരിച്ചുള്ള ശക്തമായ മറുപടിയുണ്ടായില്ല. ഇത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പാർട്ടിക്ക് ദോഷം ചെയ്തു. കൂടാതെ, കെ.കെ. ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്ന തരത്തിൽ ഉയർന്ന വിവാദങ്ങൾ സ്ത്രീ വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായെന്നും വിലയിരുത്തലുകളുണ്ടായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.