പിഎസ്‌സി കോഴയില്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പറയുന്നത് പച്ചക്കള്ളം; വിവാദമായപ്പോള്‍ പണം തിരിച്ചുകൊടുത്ത് പാര്‍ട്ടി തന്നെ കേസ് ഒതുക്കിയെന്ന് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
July 14, 2024
1 min read
•
Updated: May 13, 2026
കൊച്ചി: പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയില്ലെന്ന് പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിയുടെയും എംഎല്‍എയുടെയും പാര്‍ട്ടി നേതാക്കളുടെയും പേരു പറഞ്ഞ് പണം വാങ്ങിയതിനു ശേഷം വിവാദമായപ്പോള്‍ പണം തിരിച്ചുനല്‍കി പാര്‍ട്ടി തന്നെ കേസ് ഒതുക്കിത്തീര്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കോഴ വാങ്ങിയിട്ടില്ലെങ്കില്‍ ഏരിയാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായി പ്രമോദ് കോട്ടുളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പിഎസ്‌സി അംഗമാക്കാനല്ല ആയുഷിലേക്കുള്ള സ്ഥലം മാറ്റത്തിനാണ് പണം വാങ്ങിയതെന്നാണ് ഇപ്പോള്‍ പറയുന്നത്. ഹോമിയോ ഡോക്ടര്‍ക്ക് സ്ഥലം മാറ്റം കിട്ടാന്‍ 22 ലക്ഷമാണോ കേരളത്തിലെ റേറ്റെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് അങ്ങനെയെങ്കില്‍ അതും ഒരു കുറ്റകൃത്യമല്ലേയെന്നും ചോദിച്ചു.
മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്‍റെയും കയ്യില്‍ പരാതി കിട്ടിയിട്ട് മാസങ്ങളായിട്ടും പോലീസിന് നല്‍കിയില്ല. പാര്‍ട്ടി തന്നെയാണോ പോലീസ് സ്റ്റേഷനും കോടതിയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ പങ്കാളികളായ വമ്പന്‍മാര്‍ ഉള്ളതു കൊണ്ടാണ് ഇത് പാര്‍ട്ടിയില്‍ ഒതുക്കിത്തീര്‍ക്കുന്നത്. പാര്‍ട്ടി പണം നല്‍കിയാണ് കേസ് ഒതുക്കിത്തീര്‍ക്കുന്നത്. ചെറിയ സ്രാവിനെ ബലി നല്‍കി പാര്‍ട്ടിയിലെ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണ്. പിഎസ്‌സി അംഗത്വം വരെ വില്‍പനയ്ക്ക് വെക്കാന്‍ സിപിഎമ്മിന് നാണമില്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എല്‍ഡിഎഫിലെ ജനതാദള്‍ എസിലും എന്‍സി.പിയിലും ഐഎന്‍എല്ലിലും സമാനമായ ആരോപണമുണ്ടായി. എല്ലാ ഘടകകക്ഷികളും കൂടി പിഎസ്‌സിയെ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്. മുകളിലുള്ളവര്‍ അഴിമതി നടത്തുന്നതു കൊണ്ടാണ് താഴെയുള്ളവരെ നിയന്ത്രിക്കാനാകാത്തത്. രണ്ടു തരം പൗരന്മാരാണ് കേരളത്തിലുള്ളത്. യുഡിഎഫുകാര്‍ക്കെതിരെ ഇല്ലാത്ത സംഭവങ്ങളില്‍ വരെ കേസെടുക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പത്തനംതിട്ടയില്‍ ക്രിമിനലുകളെ മന്ത്രി വീണാ ജോര്‍ജ് സ്വീകരിച്ചതിലും കോഴിക്കോട്ടെ കോഴയിലും സിപിഎമ്മിനെ ജനങ്ങള്‍ക്ക് മുന്നില്‍ തൊലിയുരിച്ച് കാണിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ തനിനിറം എന്താണെന്ന് സാധാരണക്കാര്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. ബാര്‍ കോഴയുമായി ബന്ധപ്പെട്ട സമരവുമായും യുഡിഎഫ് മുന്നോട്ടു പോകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നല്‍കിയ പരാതിയിലും ഇതുവരെ കേസെടുത്തിട്ടില്ല. ആര് അഴിമതി നടത്തിയാലും പുറത്തുവരണം. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ നേരമില്ലാത്തവര്‍ അഴിമതി നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10