'ജി. സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം ലജ്ജാകരം'; ജനങ്ങൾ മാപ്പ് നൽകില്ലെന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ യുഡിഎഫിനെ തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മോദി-അമിത് ഷാ കൂട്ടുകെട്ടും ചേർന്ന് അവിശുദ്ധമായ രാഷ്ട്രീയ പരീക്ഷണമാണ് നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. എറണാകുളം ഡി.സി.സി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി നേതാക്കളുണ്ടെന്നും എന്നാൽ സിപിഎമ്മിന് ആകെ ഒരു നേതാവ് മാത്രമാണുള്ളതെന്നും ചെന്നിത്തല പരിഹസിച്ചു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വലിയ അനിശ്ചിതത്വം നേരിടുന്നത് സിപിഎമ്മാണ്. കോൺഗ്രസിനെ സംബന്ധിച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ വിജയിപ്പിക്കാൻ ബിജെപി വോട്ട് മറിച്ചുവെന്ന തന്റെ മുൻപത്തെ ആരോപണം ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ സജീവമായി നടക്കുന്നത് സിപിഎം-ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടമാണ്. വി.എൻ വാസവൻ മത്സരിക്കുന്ന ഏറ്റുമാനൂർ മണ്ഡലത്തിൽ ബിജെപിക്ക് സ്ഥാനാർത്ഥി പോലുമില്ല എന്നത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. പാലക്കാട് മാത്രമല്ല, ഏറ്റുമാനൂരിലും ഈ ഡീൽ വ്യക്തമാണെന്നും യുഡിഎഫ് അധികാരത്തിൽ വരുന്നത് തടയാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുതിർന്ന നേതാവ് ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ലജ്ജാകരമാണെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങളാണ് സുധാകരനെ സ്ഥാനാർത്ഥിയാക്കിയത്. വമ്പിച്ച ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിക്കുമെന്നും ജനങ്ങൾ മുഖ്യമന്ത്രിക്ക് മാപ്പ് നൽകില്ലെന്നും ചെന്നിത്തല കൂട്ടിചേർത്തു. ഭരണവിരുദ്ധ വികാരം മറികടക്കാൻ ഇത്തരം തരംതാഴ്ന്ന പദപ്രയോഗങ്ങൾ മുഖ്യമന്ത്രി മുൻപും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.