ഗ്രൂപ്പ് ജെ-യില്‍ നാടകീയ ക്ലൈമാക്‌സ്; ഓസ്ട്രിയ-അള്‍ജീരിയ മത്സരം സമനിലയില്‍; ഇരുടീമുകളും നോക്കൗട്ടില്‍, ഇറാന്റെ പുറത്ത്
ലോകകപ്പിലെ ഗ്രൂപ്പ് ജെ-യില്‍ നാടകീയമായ നിമിഷങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീനയ്ക്ക് പുറമെ ഓസ്ട്രിയയും അള്‍ജീരിയയും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. കാന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഈ ഫലത്തോടെ മൂന്നാം സ്ഥാനക്കാരായ മികച്ച എട്ട് ടീമുകളുടെ പട്ടികയില്‍ നിന്നും ഇറാന്‍ പുറത്തായി. നോക്കൗട്ട് പ്രതീക്ഷിച്ചിരുന്ന ഇറാന് കാന്‍സാസ് സിറ്റിയില്‍ പിറന്ന ആറ് ഗോളുകള്‍ വലിയ തിരിച്ചടിയായി മാറി.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. 28-ാം മിനിറ്റില്‍ മാര്‍ക്കോ അര്‍നൗടോവിക്കിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ഓസ്ട്രിയയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. ഒന്നാം പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താന്‍ ഓസ്ട്രിയക്കായെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അള്‍ജീരിയ ശക്തമായി തിരിച്ചടിച്ചു. റാഫിക് ബെല്‍ഗ്ഹാളിലൂടെ അള്‍ജീരിയ സമനില പിടിച്ചതോടെ മത്സരം കൂടുതല്‍ ആവേശകരമായി.
സമനില വഴങ്ങിയെങ്കിലും ഒട്ടും തളരാതെ മുന്നേറിയ ഓസ്ട്രിയ 55-ാം മിനിറ്റില്‍ വീണ്ടും ലീഡ് എടുത്തു. മര്‍സെല്‍ സാബിസ്റ്ററാണ് ടീമിനായി രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ ഓസ്ട്രിയയുടെ സന്തോഷത്തിന് അഞ്ച് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 60-ാം മിനിറ്റില്‍ സൂപ്പര്‍ താരം റിയാദ് മെഹ്റസിലൂടെ അള്‍ജീരിയ വീണ്ടും ഒപ്പമെത്തി. ഇതോടെ മത്സരം 2-2 എന്ന നിലയിലായി.
കളി സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച നിമിഷങ്ങളിലാണ് മത്സരത്തിലെ ഏറ്റവും നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. എക്‌സ്ട്രാ ടൈമില്‍ റിയാദ് മെഹ്റസ് വീണ്ടും ഗോള്‍ നേടിക്കൊണ്ട് അള്‍ജീരിയയെ വിജയത്തിലേക്ക് നയിച്ചെന്ന് തോന്നിപ്പിച്ചു. എന്നാല്‍ തൊട്ടടുത്ത സെക്കന്‍ഡുകളില്‍ ബോക്‌സിനുള്ളില്‍ ലഭിച്ച അവസരം കൃത്യമായൊരു ഹെഡറിലൂടെ വലയിലെത്തിച്ച് ഓസ്ട്രിയയുടെ സാസ കലാഡ്‌സിച് വീണ്ടും സമനില പിടിച്ചു. തൊട്ടുപിന്നാലെ റഫറിയുടെ അവസാന വിസിലും മുഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും കേവലം 3 സമനിലകള്‍ മാത്രം നേടാനായ ഇറാന്‍ ഇതോടെ ലോകകപ്പില്‍ നിന്നും കണ്ണീരോടെ പുറത്തായി. അതേസമയം, ഈ സമനിലയോടെ ഗ്രൂപ്പ് ജെ-യില്‍ നിന്നും അര്‍ഹിച്ച നോക്കൗട്ട് പ്രവേശനമാണ് ഓസ്ട്രിയയും അള്‍ജീരിയയും സ്വന്തമാക്കിയത്. റൗണ്ട് ഓഫ് 16-ല്‍ ശക്തരായ സ്‌പെയിനാണ് ഓസ്ട്രിയയുടെ എതിരാളികള്‍; അള്‍ജീരിയ സ്വിറ്റ്‌സര്‍ലാന്‍ഡിനെയും നേരിടും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.