54 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യൻ; ആർട്ടെമിസ് 2 കുതിച്ചുയർന്നു

അപ്പോളോ 17 ദൗത്യത്തിന് ശേഷം നീണ്ട 54 വർഷത്തെ ഇടവേള കഴിഞ്ഞ് മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തിരിച്ചു. നാസയുടെ ആർട്ടെമിസ് 2 ദൗത്യം ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്എൽഎസ് (SLS) ഉപയോഗിച്ച് ഒറയോൺ എന്ന പേടകത്തിലാണ് നാലംഗ സംഘം ചന്ദ്രനിലേക്ക് കുതിച്ചത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യം ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്താനാണ് ലക്ഷ്യമിടുന്നത്. മനുഷ്യർ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂര പരിധിയിലേക്ക് ഈ യാത്രയിൽ ഒറയോൺ പേടകം എത്തും.
ചരിത്രത്തിലാദ്യമായി ഒരു സ്ത്രീയും ഒരു കറുത്ത വർഗ്ഗക്കാരനും ഉൾപ്പെടുന്നു എന്നതാണ് ഈ ദൗത്യത്തിന്റെ മറ്റൊരു പ്രത്യേകത. മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറെമി ഹാൻസൻ എന്നിവരാണ് സംഘത്തിലുള്ളത്. ഇതിൽ ക്രിസ്റ്റീന കോച്ച് ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിതയും, വിക്ടർ ഗ്ലോവർ ആദ്യ കറുത്ത വർഗ്ഗക്കാരനുമാണ്. കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ ചന്ദ്രനിലേക്ക് പോകുന്ന ആദ്യ അമേരിക്കൻ ഇതര സഞ്ചാരി എന്ന നേട്ടവും സ്വന്തമാക്കി. കടുത്ത ആരോഗ്യപരിശോധനകൾക്കും ക്വാറന്റീൻ നിയന്ത്രണങ്ങൾക്കും ശേഷമാണ് ഇവർ യാത്ര തിരിച്ചത്.
ബഹിരാകാശ യാത്രികർക്കൊപ്പം 'റൈസ്' എന്ന പേരുള്ള ചെറിയ പാവയും ഈ യാത്രയിൽ പങ്കാളിയാണ്. ബഹിരാകാശത്ത് എത്തുമ്പോൾ ഭാരമില്ലായ്മ തിരിച്ചറിയാനുള്ള അടയാളമായിട്ടാണ് ഇതിനെ കൊണ്ടുപോകുന്നത്. ഈ പാവയ്ക്കുള്ളിലെ മെമ്മറി കാർഡിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2022-ൽ നടന്ന ആർട്ടെമിസ് 1 ദൗത്യത്തിന്റെ വിജയത്തിന് ശേഷമുള്ള അടുത്ത നിർണ്ണായക ഘട്ടമാണിത്. ആർട്ടെമിസ് 2 പൂർണ്ണ വിജയമായാൽ, നാലാം ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ വീണ്ടും മനുഷ്യനെ ഇറക്കാനാണ് നാസയുടെ പദ്ധതി. ചൈനയുമായുള്ള ബഹിരാകാശ മത്സരത്തിൽ മുൻതൂക്കം നേടാൻ ഈ ദൗത്യത്തിന്റെ വിജയം അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.