ചെടിച്ചട്ടികളിലും പേപ്പര്‍ ട്രേകളിലുമായി വളര്‍ത്തിയത് 70 കഞ്ചാവ് ചെടികള്‍; 'ഓപ്പറേഷന്‍ തൂഫാനി'ല്‍ നിര്‍ണായക വേട്ട; ഹരിയാന സ്വദേശിയായ ഐടി കമ്പനി മാനേജര്‍ പിടിയില്
തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നടത്തിവന്ന വന്‍ കഞ്ചാവ് ചെടി കൃഷി പൊലീസ് കണ്ടെത്തി. ഹരിയാന സ്വദേശിയായ ഐടി ജീവനക്കാരന്‍ ചര്‍ക്കിദ്രതി വിശാല്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നാണ് വളര്‍ത്തിക്കൊണ്ടിരുന്ന 70 കഞ്ചാവ് ചെടികള്‍ ശ്രീകാര്യം പൊലീസ് പിടിച്ചെടുത്തത്. ചെടിച്ചട്ടികളിലും പേപ്പര്‍ ട്രേകളിലുമായി അതീവ രഹസ്യമായായിരുന്നു ഈ കൃഷി. ലഹരി വിരുദ്ധ കാമ്പെയ്‌നായ 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഈ കഞ്ചാവ് കൃഷി പുറത്തുകൊണ്ടുവന്നത്. മുറിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ചെടികള്‍ക്ക് പുറമെ 19 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.
ഇരുപത്തിയാറുകാരനായ വിശാല്‍ തിരുവനന്തപുരത്തെ പ്രമുഖ ഐടി കമ്പനിയില്‍ ഒന്നരലക്ഷം രൂപ മാസശമ്പളമുള്ള മാനേജരായി ജോലി നോക്കുകയാണ്. ഫ്‌ലാറ്റില്‍ പ്രത്യേകമായി ചെടിച്ചട്ടികള്‍ വാങ്ങിച്ച്, അതില്‍ കമ്പോസ്റ്റും മണ്ണും നിറച്ചാണ് ഇയാള്‍ കഞ്ചാവ് വിത്തുകള്‍ നട്ടുവളര്‍ത്തിയത്. ഉപയോഗിച്ചതിന് ശേഷം ബാക്കിവരുന്ന കഞ്ചാവ് വിത്തുകളാണ് ഇത്തരത്തില്‍ പാകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലില്‍ അസാധാരണമായ മൊഴിയാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്നത്. ഫ്‌ലാറ്റില്‍ വളര്‍ത്തിയ മൂപ്പെത്താത്ത കഞ്ചാവ് ചെടികള്‍ താന്‍ ചട്‌നിയുണ്ടാക്കാനാണ് പ്രധാനമായും ഉപയോഗിച്ചിരുന്നതെന്ന് വിശാല്‍ പൊലീസിനോട് പറഞ്ഞു. കൂടാതെ ഇവയുടെ ഇലകള്‍ പാലില്‍ അരച്ചുചേര്‍ത്ത് കുടിക്കുന്ന ശീലവുമുണ്ടായിരുന്നു. മൂപ്പെത്തിയ ചെടികള്‍ താന്‍ ഉപയോഗിക്കാറില്ലെന്നും പ്രതി പൊലീസിന് മുന്നില്‍ അവകാശപ്പെട്ടു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.