Logo
Tue, Aug 25, 2026 • 05:33 PM
LIVE TV
Watch

No business videos available

No Middle East videos available

യുപി സര്‍ക്കാരിന് തിരിച്ചടി; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 25, 2026
1 min read
SHARE:
SAVE: Login to save

യുപി സര്‍ക്കാരിന് തിരിച്ചടി; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. റോഡപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കോടതി നടപടി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് യുപി സര്‍ക്കാരിനോട് മറുപടി തേടി.

ഉപാധ്യായയ്‌ക്കെതിരെ ഭാവിയില്‍ രജിസ്റ്റര്‍ ചെയ്‌തേക്കാവുന്ന എഫ്‌ഐആറുകള്‍ക്കും കോടതിയുടെ ഈ ഇടക്കാല സംരക്ഷണം ബാധകമായിരിക്കും. ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് എടുത്ത എഫ്‌ഐആറിന്റെ പകര്‍പ്പ് ഹര്‍ജിക്കാരന് നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ പരിഹാരത്തിനായി ഉപാധ്യായയ്ക്ക് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

തീര്‍ത്തും വ്യാജമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരനെതിരെ ചുമത്തിയിരിക്കുന്നതെന്ന് അഭിഷേക് ഉപാധ്യായയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഗാസിയാബാദിലെ റോഡ് തര്‍ക്കത്തിന്റെ പേരില്‍ പട്ടികജാതി-പട്ടികവര്‍ഗ നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഒന്നിലേറെ കേസുകള്‍ എടുത്തത്. അയോധ്യയിലെ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാര നടപടിയായാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരന്റെ ആശങ്ക തങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ഹൈക്കോടതിയെ സമീപിക്കുന്നതുവരെ താല്‍ക്കാലിക സംരക്ഷണം അനുവദിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. 

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10