Logo
Tue, Jun 30, 2026 • 03:49 AM
LIVE TV
Watch

No business videos available

No Middle East videos available

VT BALRAM| തോമസ് ഐസക്ക് പച്ചനുണകളുടെ സമാഹാരം; രാഷ്ട്ടീയ നേട്ടത്തിനായി നുണപ്രചരണം നടത്തുന്നു- വി.ടി.ബല്‍റാം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 05, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

VT BALRAM| തോമസ് ഐസക്ക് പച്ചനുണകളുടെ സമാഹാരം; രാഷ്ട്ടീയ നേട്ടത്തിനായി നുണപ്രചരണം നടത്തുന്നു- വി.ടി.ബല്‍റാം
ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് പച്ചനുണകളുടെ സമാഹാരമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം. പറയാതിരിക്കാന്‍ വയ്യ. രാഷ്ട്രീയ നേട്ടത്തിനായിട്ടാണെങ്കിലും അദ്ദേഹത്തെപ്പോലൊരാള്‍ ഇങ്ങനെ നുണപ്രചരണത്തിന്റെ വക്താവാകുന്നത് ദുഃഖകരമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്‍റെ പൂർണരൂപം: 1. 'കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ നടപ്പാക്കിയതിന്റെയോ പെന്‍ഷന്‍ തുക കാലോചിതമായി പരിഷ്‌കരിച്ചതിന്റെയോ ഒരു ക്രെഡിറ്റും യുഡിഎഫിന് ഇല്ല' എന്നാണ് ഡോ.ഐസക്കിന്റെ ആദ്യ വാദം. 'കേരളത്തില്‍ ക്ഷേമപെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചത് 1980-ലെ ഇ.കെ. നായനാര്‍ സര്‍ക്കാരാണ്' എന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. ഏറെക്കാലമായി സിപിഎമ്മുകാര്‍ നടത്തിവരുന്ന നുണപ്രചരണമാണ് ഐസക്കും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണ്? കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ എന്ന ആശയം ആദ്യമായി നടപ്പില്‍ വരുത്തിയത് 1962ലെ ആര്‍.ശങ്കറിന്റെ സര്‍ക്കാരാണ്. വിധവാ പെന്‍ഷനും വാര്‍ദ്ധക്യകാല പെന്‍ഷനും അങ്ങനെയാണ് നല്‍കിത്തുടങ്ങിയത്. ഇന്ത്യയിലാദ്യമായിരുന്നു ഇത്. ഐക്യ കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് ഇവിടെ ക്ഷേമപെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കിയത് എന്ന യാഥാര്‍ത്ഥ്യം സിപിഎമ്മുകാര്‍ എത്ര മൂടിവക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ല. പിന്നീടുള്ള കാലഘട്ടങ്ങളില്‍ വിവിധ സര്‍ക്കാരുകള്‍ ഓരോരോ വിഭാഗങ്ങളേയായി ക്ഷേമപെന്‍ഷന്‍ പരിധിയില്‍ കൊണ്ടുവന്നു. അങ്ങനെ 1980ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ 2011ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കിത്തുടങ്ങിയത് എന്നതും കാണാതിരുന്നുകൂടാ. അതായത് കര്‍ഷകത്തൊഴിലാളി പെന്‍ഷന്റെ പേരില്‍ മൊത്തം ക്ഷേമപെന്‍ഷനുകളുടേയും പിതൃത്വം സിപിഎം ഏറ്റെടുക്കാന്‍ നോക്കുന്നത് പച്ചയായ നുണപ്രചരണമാണ്. 2. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ 500 രൂപയാക്കി ഉയര്‍ത്തി എന്ന് അന്നത്തെ ധനമന്ത്രി കൂടിയായ ഡോ.ഐസക്ക് പറയുന്നതും തെറ്റിദ്ധരിപ്പിക്കലാണ്. ആ സര്‍ക്കാരിന്റെ പ്രവര്‍ത്തന കാലത്ത് 300 രൂപ മാത്രമായിരുന്നു പെന്‍ഷനായി ആളുകള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുന്ന വേളയില്‍ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കേവല പ്രഖ്യാപനം മാത്രമാണ് അന്ന് ഐസക്ക് നടത്തിയത്. 2011ലെ കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യം കൃത്യമായി എടുത്തുപറയുന്നുണ്ട്. എല്ലാ പെന്‍ഷനുകളും 300ല്‍ നിന്ന് 400 ആയി വര്‍ദ്ധിപ്പിച്ചത് കെഎം മാണിയുടെ ആ ബജറ്റിലൂടെയാണ്. പിന്നീടത് പല തവണ വര്‍ദ്ധിപ്പിച്ച് 5 വര്‍ഷം കൊണ്ട് പെന്‍ഷന്‍ 300ല്‍ നിന്ന് 600ലേക്ക് ഇരട്ടിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സാധിച്ചു. ആ നിലയില്‍ പിണറായി സര്‍ക്കാരിന്റെ 10 വര്‍ഷത്തിനുള്ളില്‍ പെന്‍ഷന്‍ 2400ല്‍ എത്തേണ്ടതായിരുന്നു, പക്ഷേ ഇപ്പോഴും 1600ല്‍ നില്‍ക്കുകയാണ്. 3. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 600 രൂപ പെന്‍ഷന്‍ 18 മാസം കുടിശികയായി എന്ന കല്ലുവച്ച നുണ സൈബര്‍ സഖാക്കളുടെ നിലവാരത്തില്‍ ഡോ.തോമസ് ഐസക്കും ആവര്‍ത്തിക്കുന്നത് എന്തൊരു ദുരന്തമാണ്! ഒന്നുമില്ലെങ്കില്‍ അദ്ദേഹം തുടര്‍ന്ന് ധനമന്ത്രിയായ ആളല്ലേ? 2016 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന് ആഴ്ചകള്‍ക്കുള്ളില്‍ സാമ്പത്തിക സ്ഥിതിയേക്കുറിച്ച് ധവളപത്രം ഇറക്കിയ ആളല്ലേ? ഐസക്ക് തന്നെ ആ ധവളപത്രത്തില്‍ പറഞ്ഞ കണക്കുകള്‍ക്ക് വിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ ഈ പറയുന്നത്. ഐസക്കിനോട് കൃത്യമായ കണക്കുകള്‍ വച്ചുകൊണ്ട് ചോദിക്കട്ടെ, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 34 ലക്ഷം ആളുകള്‍ക്ക് 600 രൂപ തോതില്‍ പെന്‍ഷന്‍ നല്‍കിയിരുന്നു എന്ന് ഐസക്ക് തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ സമ്മതിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഒരു മാസത്തെ ചെലവ് 34ലക്ഷംഃ600= 20,400 ലക്ഷം അഥവാ 204 കോടി രൂപ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പലര്‍ക്കും അര്‍ഹതാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രണ്ട് പെന്‍ഷന്‍ ലഭിച്ചിരുന്നു. പ്രായത്തിനും അവശതക്കുമനുസരിച്ച് പലര്‍ക്കും 1500 രൂപ വരെയും പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നു. അങ്ങനെ നോക്കിയാല്‍ ഒരു മാസത്തെ പെന്‍ഷന്‍ ചെലവ് 250 കോടിയെങ്കിലും വരും. ഐസക്ക് പറയുന്ന പോലെ 18 മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നുവെങ്കില്‍ ആ തുക 18ഃ250= 4500 കോടിയെങ്കിലും ഉണ്ടാവണമായിരുന്നു. എന്നാല്‍ എത്രയാണ് 2016 ജൂണ്‍ മാസത്തില്‍ ഐസക്ക് തന്നെ പ്രസിദ്ധീകരിച്ച ധവളപത്രത്തില്‍ പെന്‍ഷന്‍ കുടിശ്ശികയായി കാണിച്ചിരുന്നത്? വെറും 806 കോടി രൂപ. (ഇതോടൊപ്പമുള്ള ഫോട്ടോ നോക്കുക). അതായത് വെറും 3 മാസത്തെ കുടിശ്ശികയേ ധവളപത്രപ്രകാരം ഉണ്ടായിരുന്നുള്ളൂ. പിന്നെന്തിനാണ് ഡോ. ഐസക്ക് തന്നെ ഈ 18 മാസത്തെ കള്ളക്കണക്ക് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്? 4. ക്ഷേമപെന്‍ഷന്‍ വിപുലീകരണത്തില്‍ കേരളത്തില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയത് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ്. വിഎസ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേവലം 12 ലക്ഷത്തോളം ആളുകള്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നത്. അതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മൂന്നിരട്ടിയായത്. എങ്ങനെയാണിത് സാധിച്ചത് എന്ന് കൂടി കൃത്യമായി പറയാം. യോഗ്യതാ മാനദണ്ഡങ്ങള്‍ ഗണ്യമായി ലഘൂകരിച്ചത് കൊണ്ടാണ് ഇത് സാധ്യമായത്. നേരത്തേ 65 വയസ്സായാല്‍ മാത്രമേ പെന്‍ഷന്‍ ലഭിക്കുമായിരുന്നുള്ളൂ, അത് 60 വയസ്സായി കുറച്ചു. വരുമാന പരിധി കേവലം 25,000 രൂപയായിരുന്നത് 1 ലക്ഷമായി ഉയര്‍ത്തി. ആണ്‍മക്കളുള്ള വിധവകള്‍ക്ക് പെന്‍ഷനില്ല എന്ന തലതിരിഞ്ഞ മാനദണ്ഡം മാറ്റിയെഴുതി ഭര്‍ത്താവ് മരിച്ച എല്ലാ സ്ത്രീകള്‍ക്കും വിധവാ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിപുലമായ പ്രചരണം നടത്തി അര്‍ഹരായ മുഴുവനാളുകളേക്കൊണ്ടും അപേക്ഷിപ്പിച്ചു. അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭേദഗതിപ്പെടുത്തിയ അര്‍ഹതാമാനദണ്ഡങ്ങള്‍ക്ക് പുറമേ ഗുണഭോക്താക്കള്‍ക്കനുകൂലമായ യാതൊരു പുതിയ ഭേദഗതിയും പിണറായി സര്‍ക്കാര്‍ വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ പിന്നീട് വന്ന വര്‍ദ്ധനയുടെ പേരില്‍ ആര്‍ക്കും മേനി നടിക്കാനാവില്ല. 5. ക്ഷേമപെന്‍ഷന്‍ മാസങ്ങളോളം കുടിശ്ശികയാക്കി വക്കുകയും ഇലക്ഷന്‍ സമയത്ത് അത് ഒന്നിച്ച് വിതരണം ചെയ്യുകയും ചെയ്യുന്ന പിണറായി സര്‍ക്കാര്‍ തന്നെയാണ് കേരളത്തിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ അപമാനിച്ചുകൊണ്ടിരിക്കുന്നത്. വിടര്‍ത്തിപ്പിടിച്ച നോട്ടുകള്‍ സഹിതം പാവപ്പെട്ട സ്ത്രീകളുടെ ഫോട്ടോകള്‍ വച്ച് നിന്ദ്യമായ പിആര്‍ വര്‍ക്കുകള്‍ നടത്താറുള്ളതും സിപിഎമ്മാണ്. ഇപ്പോള്‍ ഇലക്ഷന്‍ നടക്കുന്ന നിലമ്പൂരില്‍ത്തന്നെ ക്ഷേമപെന്‍ഷനായി വിതരണം ചെയ്യുന്ന തുകയുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ കൈരളിയടക്കമുള്ള സിപിഎം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ക്ഷേമപെന്‍ഷനെ വോട്ടുമായി ബന്ധപ്പെടുത്തുന്നത് ആര് എന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ടല്ലോ! സിപിഎമ്മിനെ സംബന്ധിച്ച് ക്ഷേമപെന്‍ഷന്‍ എന്നത് ഒരിക്കലും അര്‍ഹതപ്പെട്ടവരുടെ അവകാശമല്ല, കേരളത്തിന്റെ സര്‍വൈശ്വര്യങ്ങളുടേയും കാരണഭൂതനായ പിണറായിത്തമ്പുരാന്‍ തന്റെ പ്രജകള്‍ക്ക് നല്‍കുന്ന ഔദാര്യമാണ്. പെന്‍ഷന്‍ ജനങ്ങളുടെ അവകാശമല്ല എന്ന് കോടതിക്ക് മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പോലും തയ്യാറായ ഹീനമനസ്സാണ് ഈ സര്‍ക്കാരിനുള്ളത്. ഇതുകൊണ്ടൊക്കെയാണ് ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ സിപിഎം നടത്തുന്ന കപട അവകാശവാദങ്ങളേയും അസത്യ പ്രചരണങ്ങളേയും തുറന്നുകാട്ടേണ്ടി വരുന്നത്. എന്നാല്‍ ആരെങ്കിലും ഇക്കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയാല്‍ വാക്കുകള്‍ വളച്ചൊടിച്ച് അവരെ തേജോവധം ചെയ്ത് വായടപ്പിക്കാനുള്ള ശ്രമമാണ് എപ്പോഴും സിപിഎമ്മിന്റേത്. ഇനിയങ്ങോട്ട് അത് വിലപ്പോവില്ല. അവകാശബോധവും അഭിമാനബോധവുമുള്ള പൗരന്മാര്‍ അത് അനുവദിച്ച് തരില്ല. നിലമ്പൂരത് തെളിയിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10