സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ തന്റെ വിവാദ ഭരണഘടനാ പ്രസംഗത്തെക്കുറിച്ച് നടത്തിയ പുതിയ വിശദീകരണം വൻ രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് നീക്കം. മന്ത്രിയായിരിക്കെ സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ സർക്കാർ ഒത്താശയോടെ അത് മരവിപ്പിച്ചിരിക്കുകയായിരുന്നു എന്നാണു കോൺഗ്രസ് ആരോപണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ തുടരന്വേഷണം ശക്തമാക്കാനാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തീരുമാനം.
ചെങ്ങന്നൂർ വെൺമണിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദമായ പുതിയ പ്രസംഗം. "ഒറ്റുകാരൻ കൂട്ടത്തിലുണ്ട് എന്നറിയാതെയാണ് അന്ന് മല്ലപ്പള്ളിയിൽ ആ പ്രസംഗം നടത്തിയത്" എന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. താൻ നിയമം പഠിച്ച ആളാണെന്നും എന്താണ് പറയേണ്ടതെന്ന് കൃത്യമായി അറിയാമായിരുന്നെന്നും പറഞ്ഞ അദ്ദേഹം, അന്ന് പ്രസംഗം നടത്തിയത് നന്നായെന്നും അതിനുശേഷമാണ് പലരും ഭരണഘടനാ പുസ്തകം വാങ്ങി സത്യപ്രതിജ്ഞ ചെയ്യാൻ തുടങ്ങിയതെന്നും കൂട്ടിച്ചേർത്തു. സജി ചെറിയാന്റെ ഈ വാക്കുകൾ അന്ന് നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗം ബോധപൂർവ്വമായിരുന്നു എന്ന് തെളിയിക്കുന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
2022 ജൂലൈയിൽ മല്ലപ്പള്ളിയിൽ വെച്ചായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ഇതേത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ ഭരണഘടനയെ മനഃപൂർവ്വം അധിക്ഷേപിച്ചിട്ടില്ലെന്ന പോലീസ് റിപ്പോർട്ടിന്റെ ബലത്തിൽ ആറുമാസത്തിന് ശേഷം അദ്ദേഹം മന്ത്രിസഭയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് 2024 നവംബറിൽ കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കൊല്ലം ക്രൈംബ്രാഞ്ച് എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘം കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.
ഈ സാഹചര്യത്തിൽ, സജി ചെറിയാന്റെ പുതിയ വെളിപ്പെടുത്തലുകൾ കൂടി മുൻനിർത്തി കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ (SIT) രൂപീകരിക്കുന്ന കാര്യം കോൺഗ്രസ് ഗൗരവമായി ആലോചിക്കുന്നുണ്ട്. മുൻ ഇടതുഭരണകാലത്ത് അന്വേഷണം വഴിമുട്ടിയ ആലപ്പുഴ രക്ഷാപ്രവർത്തന കേസ്, വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് തുടങ്ങിയവയിലെല്ലാം നിലവിലെ യു.ഡി.എഫ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. സമാനമായ രീതിയിൽ സജി ചെറിയാനെതിരെയുള്ള ഭരണഘടനാ അധിക്ഷേപക്കേസും ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് യു.ഡി.എഫ് നീക്കം.