സംസ്ഥാനത്തെ നികുതി ഘടന പൂർണ്ണമായും പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ആർക്കും എന്തും കൊണ്ടുവന്ന് വിൽക്കാവുന്ന നിലവിലെ സാഹചര്യം ഇനി അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നികുതി തട്ടിപ്പ് നടത്തുന്ന കള്ളക്കച്ചവടക്കാരോട് സർക്കാർ ക്ഷമിക്കില്ലെന്നും സംസ്ഥാനവ്യാപകമായി ശക്തമായ ടാക്സ് ഡ്രൈവ് നടത്തുമെന്നും പ്രഖ്യാപിച്ചു. കൂടാതെ, എസ്.സി/എസ്.ടി ഭവന നിർമ്മാണ പദ്ധതി നിലവിലെ ലൈഫ് മിഷനെ തകർക്കാനല്ലെന്നും, ബജറ്റിൽ ഒരിടത്തും സ്വകാര്യവത്കരണത്തെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കെ.എം.എം.എൽ മിനറൽ സെക്ടറിലെ പി.പി.പി (പൊതു-സ്വകാര്യ പങ്കാളിത്തം) നീക്കം ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കി പോകുന്ന ഘട്ടത്തിൽ ചേർന്ന 267-ാമത് ബോർഡ് യോഗത്തിലാണ് ഇതിനുള്ള തീരുമാനങ്ങളെല്ലാം എടുത്തുവെച്ചത്. എല്ലാം അവർ തന്നെ ചെയ്തുവെച്ചിട്ട് ഇപ്പോൾ യു.ഡി.എഫിനെതിരെ ആക്ഷേപം ഉന്നയിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിർദ്ദിഷ്ട മിനറൽ കോറിഡോർ സ്വകാര്യവത്കരണമല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി സർക്കാർ ഒന്നും ചെയ്യില്ലെന്നും ഈ വിഷയത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും ആവശ്യപ്പെട്ടു.
ധാതുമേഖലയിൽ സ്വകാര്യ പങ്കാളിത്തം തീരുമാനിച്ചത് മുൻ ഇടതു സർക്കാരാണെന്നും കെ.എം.എം.എൽ തന്നെയാണ് അതിന് നേതൃത്വം നൽകിയതെന്നും മുഖ്യമന്ത്രി രേഖകൾ സഹിതം വ്യക്തമാക്കി. 2026 ഫെബ്രുവരി 25-ന് ചേർന്ന കെ.എം.എം.എൽ ഡയറക്ടർ ബോർഡാണ് ഹൈദരാബാദിലെ കമ്പനിക്ക് ഡീൽ നൽകാനും വർക്ക് ഓർഡർ നൽകാനും തീരുമാനിച്ചത്. ബജറ്റ് വന്നപ്പോൾ സർക്കാരിനെതിരെ തിരിഞ്ഞ പ്രതിപക്ഷത്തോട്, 'ഞങ്ങളുടെ നേരെ ഒരു വിരൽ ചൂണ്ടിയാൽ നാല് വിരൽ നിങ്ങളുടെ നേരെ വരുമെന്ന്' അദ്ദേഹം ഓർമ്മിപ്പിച്ചു. തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് പ്രതിപക്ഷം സമ്മതിച്ചാൽ അത് തിരുത്താൻ തയ്യാറാണെന്നും, ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കി തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.