Logo
Mon, Jun 29, 2026 • 09:53 PM
LIVE TV
Watch

No business videos available

No Middle East videos available

VD Satheesan| വര്‍ഗീയത പറഞ്ഞ് തിരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടെന്ന് വി ഡി സതീശന്‍; ഹിന്ദുമഹാസഭയെയും പി.ഡി.പിയെയും കെട്ടിപ്പിടിക്കുന്നവര്‍ യു.ഡിഎഫിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ട.


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 13, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

VD Satheesan| വര്‍ഗീയത പറഞ്ഞ് തിരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടെന്ന് വി ഡി സതീശന്‍; ഹിന്ദുമഹാസഭയെയും പി.ഡി.പിയെയും കെട്ടിപ്പിടിക്കുന്നവര്‍ യു.ഡിഎഫിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ട.
സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ പറഞ്ഞുകൊണ്ട് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍.ഡി.എഫ് തയാറുണ്ടോയെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. നിലമ്പൂരിലെ ജനങ്ങള്‍ സര്‍ക്കാരിനെ രാഷ്ട്രീയമായി വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കുന്നത്. അതിശക്തമായ വെറുപ്പും എതിര്‍പ്പും ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു മനസിലാക്കിയാണ് ഇപ്പോള്‍ പാലസ്തീനുമായി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ് സി.എ.എയെക്കുറിച്ചും പാലസ്തീനെ കുറിച്ചും പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പാലസ്തീനെ കുറിച്ച് മിണ്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഇറക്കുന്ന സ്പെഷലാണ് പാലസ്തീന്‍. ഇപ്പോള്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും പാലസ്തീനുമായി ഇറങ്ങിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് കേന്ദ്രം ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ എടുക്കാന്‍ തുടങ്ങിയത്. ഇസ്രായേല്‍ നിലപാടെടുക്കുന്ന ബി.ജെ.പിയുമായി ബാന്ധവത്തിലുള്ളവരാണ് കേരളത്തിലെ സി.പി.എം. സി.എ.എ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കോടതിയില്‍ കയറിയിറങ്ങി നടക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ 9 വര്‍ഷക്കാലത്തെ ഭരണം ഈ തിരിഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. സര്‍ക്കാരിന്റെ ദുഷ്പ്രവര്‍ത്തികളുടെ ഇരകള്‍ എല്ലാ വീടുകളിലുമുണ്ട്. അതുകൊണ്ടു തന്നെ സര്‍ക്കാരിനെതിരായ പ്രതിഷേധമായി തിരഞ്ഞെടുപ്പ് മാറും. ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടു കൂടുന്നെന്നാണ് മുഖ്യമന്ത്രി ഇന്ന് ഒരു യോഗത്തില്‍ പറഞ്ഞത്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപിച്ച പിന്തുണ യു.ഡി.എഫ് സ്വീകരിച്ചു. എന്നാല്‍ വര്‍ഗീയതയുമായി യു.ഡി.എഫ് സന്ധി ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്‍.ഡി.എഫിന് ജമാഅത്ത് ഇസ്ലാമിയും പി.ഡി.പിയും നല്‍കിയ പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത്. ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ ആവേശകരവും അഭിമാനകരവുമെന്നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതുപോലെ മാറ്റിപ്പറഞ്ഞിട്ടില്ല. 2011-ല്‍ ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ നേടി അധികാരത്തില്‍ വന്നവരാണ് ഇപ്പോള്‍ മാറ്റിപ്പറയുന്നത്. പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണയില്‍ തമിഴ്നാട്ടില്‍ വിജയിച്ച രണ്ടു സി.പി.എം എം.പിമാരെ രാജിവയ്പ്പിക്കാന്‍ തയാറുണ്ടോ? ആ രണ്ട് എം.പിമാരും ജമാഅത്ത് ഇസ്ലാമിയുടെ ഓഫീസില്‍ പോയി നന്ദി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അധപതിക്കാത്ത തരത്തില്‍ സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. ഓരോ വീട്ടിലും ചെല്ലുമ്പോള്‍ കാലടി ഗോപിയുടെ നാടകത്തിലെ കഥാപാത്രത്തെ പോലെ ആ വീട്ടില്‍ ഏത് മതമാണെന്ന് നോക്കി വോട്ട് പിടിക്കുന്ന രീതിയിലേക്ക് സി.പി.എം മാറിയിരിക്കുകയാണ്. വര്‍ഗീയത പറഞ്ഞോ വിഷയങ്ങള്‍ മാറ്റിയോ തിരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കേണ്ട. സര്‍ക്കാരിനോടുള്ള അതിശക്തമായ എതിര്‍പ്പാണ് ജനങ്ങളുടെ മനസിലുള്ളത്. ആ എതിര്‍പ്പ് വോട്ടായി മാറും. ഉജ്ജ്വലമായ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കിയ പിന്തുണ യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് സ്വീകരിച്ചത്. യു.ഡി.എഫില്‍ ഒറ്റ തീരുമാനമെയുള്ളൂ. അതിലേക്ക് തോണ്ടാന്‍ മുഖ്യമന്ത്രി വരേണ്ട. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ സീറ്റില്‍ എല്‍.ഡി.എഫിന് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ നല്‍കിയപ്പോള്‍ മുഖ്യമന്ത്രിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. ഓന്തിന്റെ നിറം മാറുന്നതു പോലെയാണ് ഒരു പാര്‍ട്ടിയും അതിന്റെ നേതാവും നിറം മാറുന്നത്. ജനങ്ങളുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുകയാണ്. മദനി തീവ്രവാദി ആയതുകൊണ്ട് ആ തീവ്രവാദിയെ ഞങ്ങളുടെ പൊലീസ് പിടികൂടി തമിഴ്നാടിന് കൈമാറിയെന്ന് എഴുതിവച്ചവരാണ് സി.പി.എം സര്‍ക്കാര്‍. ഇപ്പോള്‍ ആ തീവ്രവാദിയുടെ പിന്തുണ ഇപ്പോള്‍ സ്വീകരിക്കാം. ഹിന്ദുമഹാസഭ സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മതേതര വാദിയാണോ? യു.ഡി.എഫിന് പിന്തുണ നല്‍കുന്നവരെല്ലാം വര്‍ഗീയവാദികളാണെന്ന വാദം കയ്യില്‍ വച്ചാല്‍ മതി. മൂന്നു പതിറ്റാണ്ടു കാലം ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ സി.പി.എമ്മിനായിരുന്നു. അവരുടെ ഓഫീസില്‍ പിണറായിയും കോടിയേരിയും പോയപ്പോള്‍ ആരും അത് ചര്‍ച്ച ചെയ്തില്ലല്ലോ. അവരുടെ അമീറുമായി ചര്‍ച്ച നടത്താന്‍ പോയത് തലയില്‍ മുണ്ടിട്ടല്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നിട്ടാണ് ഇപ്പോള്‍ മാറ്റിപ്പറയുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ന്യൂനപക്ഷ പ്രീണനം നടത്തിയതിനു തിരിച്ചടി കിട്ടി. അതിനു പിന്നാലെ ഭൂരിപക്ഷപ്രീണനമായി. അതിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി മലപ്പുറത്തെക്കുറിച്ച് മോശമായി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് നോട്ട് കൊടുത്തത്. അതും പോരാഞ്ഞാണ് മലപ്പുറത്ത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും സ്വര്‍ണക്കള്ളക്കടത്താണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് അഭിമുഖം നല്‍കിയത്. പ്രിയങ്ക ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് അന്നത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. അപ്പോള്‍ പ്രിയങ്കഗാന്ധിക്ക് വോട്ട് ചെയ്ത നിലമ്പൂരിലെ ജനങ്ങള്‍ തീവ്രവാദികളാണോ? മലപ്പുറത്തിനെതിരെ പ്രസ്താവനയിറക്കിയ വിജയരാഘവനാണ് തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. അത് വര്‍ഗീയത പടര്‍ത്തുന്നതിനു വേണ്ടിയാണ്. തീവ്രവര്‍ഗീയത പറയുന്ന സംഘടനകളെയും മറികടന്ന് പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം മറച്ചു വയ്ക്കുന്നതിനു വേണ്ടിയാണ് അവര്‍ വര്‍ഗീയത പറയുന്നത്. മരുന്നില്ലാത്തതും മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ ഇല്ലാത്തതും പെന്‍ഷനുകള്‍ നല്‍കാത്തതും ഖജനാവ് കാലിയാക്കിയതും മൂന്നു തവണ വൈദ്യുത ചാര്‍ജ്ജ് കൂട്ടിയതും ഉള്‍പ്പെടെ സര്‍ക്കാര്‍ ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്ത കാര്യങ്ങളൊക്കെയാണ് യു.ഡി.എഫ് ജനങ്ങളോട് പറയുന്നത്. ഇന്നും കാട്ടാന ഒരാളെ കൊലപ്പെടുത്തി. എന്നിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചത്. ജനങ്ങളെ വന്യജീവികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ജനങ്ങളെ രക്ഷിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിലമ്പൂരില്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഭീതിയിലാണ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ അധികാരമുണ്ടായിട്ടും കേരളം അത് ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്? എന്നിട്ടാണ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നത്. ആയിരത്തില്‍ അധികം പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. എണ്ണായിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. എത്ര പേരെയാണ് ആന ചവിട്ടിക്കൊന്നത്. സര്‍ക്കാരില്ലായ്മയാണ് കേരളം അനുഭവിക്കുന്നത്. മലയോരത്തെ ജനങ്ങള്‍ അവര്‍ തിരഞ്ഞെടുത്ത് വിട്ട സര്‍ക്കാരിന്റെ ഒരു സാന്നിധ്യവും അനുഭവിക്കുന്നില്ല. ഒരു മന്ത്രി വിളിച്ചു പറഞ്ഞതനുസരിച്ചാണ് പാലക്കാട് വനിതാ നേതാക്കളുടെ മുറി അര്‍ദ്ധരാത്രിയില്‍ പൊലീസ് റെയ്ഡ് ചെയ്തത്. എന്നിട്ട് നീലപ്പെട്ടി കേസ് എന്തായി. ഇവിടെ ആദ്യം പന്നിക്കെണിയുമായാണ് ഇറങ്ങിയത്. സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ യു.ഡി.എഫ് പന്നിക്കെണി വച്ച് ഒരു കുട്ടിയെ കൊന്നെന്നാണ് മന്ത്രി പറഞ്ഞത്. അതിന് ഗോവിന്ദനും കുടപിടിച്ചു കൊടുത്തു. മന്ത്രിയെ ശാസിച്ച മുഖ്യമന്ത്രി ഗോവിന്ദന് പട്ടില്‍ പൊതിഞ്ഞ ഒരു ശകാരമെങ്കില്‍ നല്‍കേണ്ടതായിരുന്നു. എന്ത് വൃത്തികേടാണ് സി.പി.എം സെക്രട്ടറി പറഞ്ഞത്. ജയിക്കാന്‍ എന്തും പറയാന്‍ മടിക്കാത്തവരാണ് സി.പി.എം നേതാക്കള്‍. നീലപ്പെട്ടിയും കൊണ്ട് ഓടിയതു പോലെ പന്നിക്കെണിയുമായി ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. ഹിന്ദുമഹാസഭയെയും പി.ഡി.പിയെയും കെട്ടിപ്പിടിക്കുന്നവര്‍ യു.ഡിഎഫിനെ മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ട.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10