Logo
Tue, Jun 30, 2026 • 12:56 AM
LIVE TV
Watch

No business videos available

No Middle East videos available

KC Venugopal | അദാനിക്കു മുന്‍പില്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ഓച്ഛാനിച്ചു നില്‍ക്കുന്നു; കപ്പലപകടത്തില്‍ കേസെടുത്തത് ഗത്യന്തരമില്ലാതെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 11, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

KC Venugopal | അദാനിക്കു മുന്‍പില്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ഓച്ഛാനിച്ചു നില്‍ക്കുന്നു; കപ്പലപകടത്തില്‍ കേസെടുത്തത് ഗത്യന്തരമില്ലാതെ
കേരളതീരത്തിനടുത്തായി ചരക്കു കപ്പല്‍ മുങ്ങിയതില്‍ കേസെടുത്തത് ഗത്യന്തരമില്ലാതെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. അദാനിക്കു മുന്‍പില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ ഓഛാനിച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏത് താത്പര്യത്തിന്റെ പുറത്താണ് 17 ദിവസം സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത പാലിച്ചതെന്ന് അദ്ദേഹം ചോദിച്ചു. മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു. 17 ദിവസം പിന്നിട്ടിട്ടും അനങ്ങാതിരുന്ന സര്‍ക്കാരിന് നമ്മള്‍ നിരന്തരം ഉന്നയിച്ച ആവശ്യത്തിന് മുന്‍പില്‍ കീഴടങ്ങേണ്ടി വന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് അദാനിക്ക് വേണ്ടി മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവിതത്തിനും വിഘാതമായ നിലപാടുമായി മുന്നോട്ടുപോയ സംസ്ഥാന സര്‍ക്കാരിന് ഗതി മുട്ടിയപ്പോഴാണ് ബോധമുണ്ടായത്. ഒരുപാട് മലക്കം മറിച്ചിലുകള്‍ക്ക് ശേഷം കേസെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിലപാട് ഗത്യന്തരമില്ലാതെയാണ്. പക്ഷേ, ഇപ്പോഴും സര്‍ക്കാര്‍ ഉത്തരം പറയേണ്ടുന്ന ഒരു ചോദ്യം ഇവിടെ ബാക്കിയുണ്ട്. ഏത് താത്പര്യത്തിന്റെ പുറത്താണ് 17 ദിവസം സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത പാലിച്ചത്? അദാനിക്ക് ബിസിനസ് ബന്ധങ്ങളുള്ള ഷിപ്പിങ് കമ്പനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്നത് ഏത് ബാന്ധവത്തിന്റെ പേരിലാണ്? മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. മഹാരാഷ്ട്രയില്‍ 2010ല്‍ സമാനമായ ഒരു കപ്പല്‍ അപകടം ഉണ്ടായപ്പോള്‍ തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ കേസെടുക്കുകയും ഭീമമായ ഒരു നഷ്ടപരിഹാരം നല്‍കാന്‍ ആ കമ്പനി ബാധ്യസ്ഥമാകുകയും ചെയ്തിരുന്നു. എന്നാല്‍ കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിച്ചപ്പോള്‍, ഈ വിഷയത്തില്‍ കഴിഞ്ഞ മാസം 26ന് പ്രധാനമന്ത്രിക്ക് നേരിട്ട് ഞാന്‍ കത്തെഴുതുകയുണ്ടായി. നടപടികളില്‍ വീണ്ടും കാലതാമസം നേരിട്ടപ്പോള്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തെഴുതിയത്. എന്നാല്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്നു പറഞ്ഞ് കൈകഴുകുകയായിരുന്നു കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി. ഇത് മാത്രമല്ല, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിന്റെ പുറത്തുവന്ന മിനിട്‌സ് പരിശോധിച്ചാല്‍ വ്യക്തമാവും ആര്‍ക്ക് വേണ്ടിയായിരുന്നു ഈ കാലതാമസമെന്ന്. വിഴിഞ്ഞം കമ്പനിക്ക് ഏറ്റവും വേണ്ടപ്പെട്ട വ്യക്തിയുടെ കപ്പല്‍ കമ്പനിയാണ് പ്രതിസ്ഥാനത്താവുക എന്ന ഗുരുതരമായ യാഥാര്‍ത്ഥ്യമാണ് ഇതിന് പിന്നിലുള്ളത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച്, ഈ കമ്പനിയുമായി വ്യാപാര ബന്ധമുള്ളവരാണ് അദാനി ഗ്രൂപ്പ്. കേരളത്തിന്റെ പൊതുതാത്പര്യത്തെ ഹനിച്ച്, മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് വിഘാതമാവുന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത് എങ്ങനെയാണ് എന്നത് ഇതില്‍നിന്ന് വ്യക്തമാണ്. ഹൈക്കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വരെ കത്തെഴുതിയപ്പോള്‍ ഗതിമുട്ടിയാണ് ഈ കേസെടുക്കുന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. 17 ദിവസം അനങ്ങാതിരുന്ന സര്‍ക്കാര്‍ ഇന്ന് അമ്പലപ്പുഴയില്‍ ഒരു പരാതി ലഭിച്ച് അര മണിക്കൂറിനുള്ളിലാണ് കേസെടുത്തത്. ഒരു സംഭവം ഉണ്ടായി ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ട ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന് ഉണ്ടായ 17 ദിവസത്തെ കാലതാമസത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണം. അദാനിക്കു മുന്‍പില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇക്കാര്യത്തിലും കേരളം കണ്ടത്. അദാനിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്കു മുന്‍പില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും തീരജനതയുടേയും വേദനകള്‍ക്ക് എന്തു വില ?
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10