തിരുവനന്തപുരം: ലഹരിക്കെതിരെ കേരള പോലീസിന്റെ ഏറ്റവും വിപുലമായ പദ്ധതിയായ 'ഓപ്പറേഷന്‍ തൂഫാന്‍' വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയാണെന്നും, പുതുതലമുറയെ ഈ ദുരന്തത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ (എസ്.പി.സി.) ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്നും മന്ത്രി പറഞ്ഞു.
എസ്.പി.സി സംസ്ഥാന സഹവാസ ക്യാമ്പായ 'ഐക്യ 2026'ന്റെ സമാപന സമ്മേളനം വെങ്ങാനൂര്‍ വി.പി.എസ്. മലങ്കര ആന്‍ഡ് ഗേള്‍സ് എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍, കോളേജ് ക്യാമ്പസുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള രാസലഹരികള്‍ വില്‍പ്പന നടത്തുന്ന അധോലോക സംഘങ്ങളെ ഇല്ലാതാക്കുന്നതിനായാണ് 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. യുവതലമുറയെ ഒരിക്കലും ലഹരിക്ക് അടിമയാക്കില്ലെന്ന ലക്ഷ്യത്തിന്റെ മുന്‍നിരയില്‍ എസ്.പി.സി. കേഡറ്റുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള പോലീസിന്റെ അഭിമാനചിഹ്നമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വളര്‍ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒന്നര ദശാബ്ദമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന യുവതയുടെ ഈ കൂട്ടായ്മ നിരവധി നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. എസ്.പി.സി. പദ്ധതി രാജ്യത്തുടനീളം നടപ്പാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്ന കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'കുട്ടിപ്പൊലീസ്' എന്ന വിളി ഓരോ കേഡറ്റും അഭിമാനത്തോടെയാണ് ഉള്‍ക്കൊള്ളുന്നത്. സഹപാഠികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അവരെ ചേര്‍ത്തുപിടിക്കുന്നതിലും, ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരവും പഠനോപകരണങ്ങളും പുസ്തകങ്ങളും എത്തിക്കുന്നതിലും എസ്.പി.സി. കേഡറ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.' - ആഭ്യന്തരമന്ത്രി പറഞ്ഞു.
സ്‌കൂള്‍ കലോത്സവങ്ങള്‍ പൊലീസുകാരെപ്പോലെ കരുതലോടെ നിയന്ത്രിക്കുന്നതിലും, ജനാധിപത്യത്തിന്റെ പതാകവാഹകരായും മതേതരത്വത്തിന്റെ കാവല്‍ക്കാരായും പ്രവര്‍ത്തിക്കുന്നതിലും എസ്.പി.സി കേഡറ്റുകള്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എസ്.പി.സി കേഡറ്റിന് ഹോം മിനിസ്റ്റേഴ്സ് ട്രോഫി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഒരാഴ്ചയായി നടന്ന ക്യാമ്പില്‍ 939 കേഡറ്റുകളാണ് പങ്കെടുത്തത്. ചടങ്ങില്‍ നടന്ന സെറിമോണിയല്‍ പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിക്കുകയും, കേഡറ്റുകള്‍ക്കുള്ള വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, എ.ഡി.ജി.പി മാരായ എസ്. ശ്രീജിത്ത്, പി. വിജയന്‍, ദിനേന്ദ്ര കശ്യപ്, ഗുഗുലോത്ത് ലക്ഷ്മണ്‍, ഐ.ജി.യും എസ്.പി.സി സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ അജീതാ ബീഗം എന്നിവരും പോലീസ് ആസ്ഥാനത്തെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
എസ്.പി.സി കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല