തിരുവനന്തപുരം: കേരളത്തില് വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുന് എക്സൈസ് കമ്മീഷണര് ഋഷിരാജ് സിംഗ് നല്കിയ മുന്നറിയിപ്പുകള് അവഗണിക്കപ്പെട്ടതായി വ്യക്തമാക്കുന്ന രേഖകള് പുറത്ത്. എം.വി. ഗോവിന്ദന്, ടി.പി. രാമകൃഷ്ണന് എന്നിവര് എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലയളവില് ടൂറിസത്തിന്റെ മറവില് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്കാന് നടന്ന നീക്കങ്ങളുടെ വിവരങ്ങളാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിതരണം കുട്ടികളില് ഉള്പ്പെടെ മദ്യപാനശീലം വളര്ത്താന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അന്ന് എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗ് നികുതി സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തുടര്ന്ന് നിയമസഭാ സബ്ജെക്ട് കമ്മിറ്റിയുടെ പരിഗണനയിലേക്ക് വരെ ഈ വിഷയം എത്തിയിരുന്നു. ഋഷിരാജ് സിംഗ് അന്ന് നികുതി സെക്രട്ടറിക്ക് അയച്ച ഔദ്യോഗിക കത്തിന്റെ പകര്പ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിതരണം: ഋഷിരാജ് സിംഗിന്റെ മുന്നറിയിപ്പുകള് അവഗണിച്ചു; 2018ല് നികുതി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്