Sharmistha Panoli | 'ഓപ്പറേഷന്‍ സിന്ദൂര്‍' പോസ്റ്റില്‍ മതനിന്ദ: നിയമ വിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോലി അറസ്റ്റില്‍; രാഷ്ട്രീയ വിവാദം കൊഴുക്കുന്നു
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 04, 2026
കൊല്‍ക്കത്ത: 'ഓപ്പറേഷന്‍ സിന്ദൂര്‍' സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മതനിന്ദ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 22 കാരിയായ നിയമ വിദ്യാര്‍ത്ഥിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഷര്‍മിഷ്ഠ പനോലിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. പൂനെ സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ഷര്‍മിഷ്ഠയുടെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ രണ്ടു ലക്ഷത്തോളം ഫോളോവേഴ്സുള്ള ഷര്‍മിഷ്ഠ, പലപ്പോഴും അസഭ്യ വാക്കുകള്‍ നിറഞ്ഞ വീഡിയോകളിലൂടെയാണ് ശ്രദ്ധേയയായിരുന്നത്. ചിലര്‍ അവരുടെ 'നിര്‍ഭയമായ നിലപാടിനെ' പിന്തുണച്ചപ്പോള്‍, മറ്റുചിലര്‍ ഉള്ളടക്കത്തെ ആക്ഷേപകരവും പ്രകോപനപരവുമെന്ന് വിമര്‍ശിച്ചു. 'ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച്' പ്രതികരിക്കാതിരുന്ന സിനിമാ താരങ്ങളെ വിമര്‍ശിക്കുന്ന വീഡിയോയിലാണ് ഷര്‍മിഷ്ഠ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പാകിസ്ഥാനെതിരെ ഇന്ത്യ എന്തിന് വെടിയുതിര്‍ത്തു എന്ന ഒരു ചോദ്യത്തിന് മറുപടി പറഞ്ഞ ഷര്‍മിഷ്ഠ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുകയും ഒരു പ്രത്യേക മതവിഭാഗത്തെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും അപമാനിച്ചുവെന്നാണ് ആരോപണം. ഈ വീഡിയോ പിന്നീടവര്‍ ഡിലീറ്റ് ചെയ്തു.
ഈ വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. മെയ് 14 ന് എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താന്‍, ഷര്‍മിഷ്ഠയുടെ വീഡിയോ എക്‌സില്‍ പങ്കുവെക്കുകയും ഇത് ഇസ്ലാമിനെ അപമാനിക്കുന്നതും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണെന്ന് ആരോപിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രിയെ ടാഗ് ചെയ്ത് അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സംഭവം വലിയ വിവാദമായത്. മെയ് 15 ന് ഷര്‍മിഷ്ഠ നിരുപാധികമായി ക്ഷമാപണം നടത്തി പോസ്റ്റ് പിന്‍വലിച്ചു. 'എന്റെ വ്യക്തിപരമായ വികാരങ്ങളാണ് പങ്കുവെച്ചത്, ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇനിമുതല്‍ പൊതു പോസ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും' എന്ന് അവര്‍ കുറിച്ചു.
എന്നാല്‍, ഇതിനകം തന്നെ കൊല്‍ക്കത്തയില്‍ ഷര്‍മിഷ്ഠയ്ക്കെതിരെ ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് നിരവധി തവണ നോട്ടീസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും ഷര്‍മിഷ്ഠ ഒളിവില്‍ പോയെന്നും കുടുംബം സഹകരിച്ചില്ലെന്നും കൊല്‍ക്കത്ത പോലീസ് പറയുന്നു. തുടര്‍ന്ന് മെയ് 30 ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് ഷര്‍മിഷ്ഠയെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 13 വരെ അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍, 'ഒരു ജനാധിപത്യത്തില്‍ ഇങ്ങനെയുള്ള പീഡനം നടക്കുന്നത് ജനാധിപത്യമല്ല' എന്ന് ഷര്‍മിഷ്ഠ പ്രതികരിച്ചു.
ശര്‍മിഷ്ഠയുടെ അറസ്റ്റ് വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് ഉയര്‍ത്തിയിരിക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റേത് തിരഞ്ഞെടുത്ത നടപടിയും പ്രീണന രാഷ്ട്രീയവുമാണെന്ന് പ്രതിപക്ഷ നേതാക്കളും പൊതുപ്രവര്‍ത്തകരും ആരോപിച്ചു. ഡച്ച് പാര്‍ലമെന്റ് അംഗം ഗീര്‍ട്ട് വൈല്‍ഡേഴ്സ് അറസ്റ്റിനെ 'അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപമാനം' എന്ന് വിശേഷിപ്പിക്കുകയും ഷര്‍മിഷ്ഠയെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് ഷര്‍മിഷ്ഠയെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടു. 'ഷര്‍മിഷ്ഠ ചില മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നത് ശരിയാണ്, എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. അവര്‍ ക്ഷമാപണം നടത്തി, അത് മതിയാകും. കൂടുതല്‍ ഉപദ്രവിക്കേണ്ടതില്ല, ഉടന്‍ മോചിപ്പിക്കണം,' കങ്കണ പറഞ്ഞു.
ബിജെപി നേതാവ് സുവേന്ദു അധികാരി ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദുക്കളുടെ ശബ്ദത്തെ ലക്ഷ്യമിടുകയാണെന്ന് ആരോപിച്ചു. മഹുവ മൊയ്ത്ര, സായോനി ഘോഷ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത് പ്രീണന രാഷ്ട്രീയമാണെന്നും കുറ്റപ്പെടുത്തി.
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ചു. സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി മതവികാരം വ്രണപ്പെടുത്തുന്നവരെ ശിക്ഷിക്കാന്‍ കുറഞ്ഞത് 10 വര്‍ഷം തടവ് നല്‍കുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
ശിവഗംഗ എംപിയും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരം, 'സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കായുള്ള ഇത്തരം അന്തര്‍ സംസ്ഥാന അറസ്റ്റുകള്‍ പോലീസ് അധികാരങ്ങളുടെ നഗ്‌നമായ ദുരുപയോഗമാണ്' എന്ന് എക്സില്‍ കുറിച്ചു. ഷര്‍മിഷ്ഠയുടെ അറസ്റ്റ് ഇന്ത്യയിലെ ഓണ്‍ലൈന്‍ സംവാദങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യവും മതപരമായുള്ള ദുര്‍ബ്ബലമായ സംവേദനക്ഷമതയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10