കനത്ത മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Jaihind TV News Report
Jaihind TV Web Desk
May 13, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കാരണം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയ്ക്കാണ് സാധ്യത.
മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യപകമായി ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്.
ന്യൂനമർദത്തിന്‍റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്.
ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെയോടെയാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും.
അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. തീരദേശ വാസികൾ പ്രത്യേക ജാഗ്രത പാലിക്കണം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പാലിക്കുക. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് കർശനമായി ഒഴിവാക്കുക. കെട്ടിടങ്ങൾക്ക് അകത്തോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
കൊവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ :
അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ നിന്ന് മാറിത്താമസിക്കുക.
മത്സ്യതൊഴിലാളികൾ മെയ് 14 ന് മുമ്പ് തന്നെ പൂർണ്ണമായും കടലിൽ പോകുന്നത് ഒഴിവാക്കണം. ആഴക്കടൽ മൽസ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് മെയ് 14 മുൻപ് അടുത്തുള്ള സുരക്ഷിത തീരത്ത് എത്താൻ നിർദേശം നൽകണം.
ന്യൂനമർദം രൂപപ്പെടുന്നതിന് മുന്നോടിയായി തന്നെ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാവണം.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/ പോസ്റ്റുകൾ/ ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്
ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf ഈ ലിങ്കിൽ ലഭ്യമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10