അതുല്യനായ ഒരു നടൻ എന്നതിനപ്പുറം, തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ഒരുകാലത്തും മടിക്കാത്ത വ്യക്തമായ പൗരബോധമുള്ള വ്യക്തിത്വമായിരുന്നു സലിം കുമാർ. മലയാളികൾ അദ്ദേഹത്തെ ഓർക്കുമ്പോൾ ആ രാഷ്ട്രീയ ആർജ്ജവം കൂടിയാണ് ചർച്ചയാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലും അതിനുശേഷമുള്ള കോൺഗ്രസ് നേതാക്കളുടെ സ്വീകരണ പരിപാടികളിലും അദ്ദേഹം എപ്പോഴും നിറസാന്നിധ്യമായിരുന്നു. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി വലിയൊരു ആത്മബന്ധം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. പറവൂരിൽ വി.ഡി. സതീശൻ മത്സരിച്ച തെരഞ്ഞെടുപ്പുകളിലൊക്കെയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നത് സലിം കുമാറായിരുന്നു.
താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്നും ലീഡർ കെ. കരുണാകരനോട് തനിക്ക് വലിയ ആരാധനയായിരുന്നുവെന്നും സലിം കുമാർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. താൻ കോൺഗ്രസുകാരനും ഐ ഗ്രൂപ്പുകാരനുമാണെന്ന് പരസ്യമായി പറയുന്നതുകൊണ്ട് സിനിമയിൽ ഉൾപ്പെടെ ഒരുപാട് മാറ്റിനിർത്തലുകളും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. എന്നാൽ, തനിക്ക് വന്ന് ചേരാത്ത ഒന്നിനെയും താൻ നഷ്ടങ്ങളായി കണ്ടിട്ടില്ലെന്ന വലിയ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. സിനിമാക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും, അമിതാഭ് ബച്ചൻ പോലും രാഷ്ട്രീയത്തിൽ പരാജയമായിരുന്നുവെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
തന്റെ അച്ഛൻ കോൺഗ്രസുകാരനായതുകൊണ്ടാണ് താനും കോൺഗ്രസുകാരനായതെന്നായിരുന്നു സലിം കുമാറിന്റെ ഓർമ്മ. കുട്ടിക്കാലത്ത് രാജൻ കേസിന്റെ വിസ്താരം നടക്കുന്ന സമയത്ത് കെ. കരുണാകരൻ നാട്ടിൽ വന്നപ്പോൾ അച്ഛൻ കൊണ്ടുപോയതും, അന്ന് കരുണാകരന് നോട്ട് മാലയിട്ടപ്പോൾ അദ്ദേഹം തന്റെ കവിളിൽ തലോടിയതുമാണ് തന്നെ ഒരു 'കരുണാകര ഭക്തൻ' ആക്കി മാറ്റിയതെന്ന് അദ്ദേഹം ഓർത്തെടുത്തു. പറവൂർ ട്രാൻസ്‌പോർട്ട് സ്റ്റാൻഡിന്റെ കല്ലിടൽ ചടങ്ങിൽ എൽ.ഡി.എഫ് എം.എൽ.എ ആയിരുന്ന എൻ. ശിവൻപിള്ളയുടെ തമാശ പ്രസംഗത്തെ കവിഞ്ഞടിക്കുന്ന രീതിയിൽ ലീഡർ നടത്തിയ ഹ്യൂമർ നിറഞ്ഞ പ്രസംഗം അദ്ദേഹത്തോടുള്ള ആരാധന ഇരട്ടിയാക്കിയതായും സലിം കുമാർ പറഞ്ഞിരുന്നു.
രമേശ് ചെന്നിത്തലയോടുള്ള തന്റെ ഇഷ്ടവും കോൺഗ്രസ് രാഷ്ട്രീയം തനിക്ക് നൽകിയ കരുത്തും അദ്ദേഹം അവസാനകാലത്തും സ്മരിച്ചിരുന്നു. താൻ കടുത്ത അസുഖബാധിതനായി കിടന്ന തീവ്രമായ കാലഘട്ടത്തിൽ രമേശ് ചെന്നിത്തലയും മറ്റ് കോൺഗ്രസ് നേതാക്കളും നൽകിയ പിന്തുണ അദ്ദേഹം കൃത്യമായി ഓർത്തു. ചെന്നിത്തല നേരിട്ട് ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുകയും സഹായങ്ങൾ ചെയ്യുകയും ചെയ്തപ്പോൾ, നമുക്ക് വേണ്ടി ആളുകളുണ്ടെന്ന തോന്നലാണ് ഉണ്ടായതെന്നും അത് ജീവിക്കാൻ വലിയ ബലം നൽകിയെന്നും സലിം കുമാർ പറഞ്ഞിരുന്നു. ഒരു കോൺഗ്രസുകാരനായി ജീവിച്ചതിൽ താൻ ഏറ്റവും കൂടുതൽ അഭിമാനിച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്നായിരുന്നു സലിം കുമാറിന്റെ വാക്കുകൾ.