കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. "ആരെയാണ് മോദി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയെയോ?" എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചെന്നൈയിലെ മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനവും ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനങ്ങളും അടക്കം ചൂണ്ടിക്കാണിച്ചാണ് പ്രകാശ് രാജ് തന്റെ വീഡിയോ ആരംഭിക്കുന്നത്. എയര്‍പോര്‍ട്ടിന് പുറത്തേക്ക് വരുന്നതുപോലും കാത്തിരിക്കാതെ സൈന്യവുമായുള്ള നീക്കങ്ങളെയും അദ്ദേഹം പരിഹസിച്ചു. ധ്രൂവ് റാഠിയുടെ കസ്റ്റഡിയും ആയിരക്കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് വിട്ടയച്ച സംഭവങ്ങളും അദ്ദേഹം വീഡിയോയില്‍ പരാമര്‍ശിച്ചു.
ഡല്‍ഹിയെ ആകെ ഒരു ജന്തര്‍ മന്തറാക്കി മാറ്റുകയാണ് സര്‍ക്കാരെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി. രാജ്യം മുഴുവന്‍ ജന്തര്‍ മന്തര്‍ ആകുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരാനും 'ഗര്‍ ഗര്‍ ജന്തര്‍ മന്തര്‍' എന്ന മുദ്രാവാക്യം മുഴക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ ജനങ്ങളുടെ വോട്ടവകാശം തട്ടിക്കളയുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വോട്ട് നിഷേധിക്കുന്നത് ജനാധിപത്യമല്ലെന്ന് വ്യക്തമാക്കിയ പ്രകാശ് രാജ്, മോദിയും അദ്ദേഹത്തിന്റെ സൈന്യവും ഗ്യാനേഷ് കുമാറിന്റെ കസേര സംരക്ഷിക്കാനാണോ അതോ സ്വന്തം കസേര സംരക്ഷിക്കാനാണോ ശ്രമിക്കുന്നതെന്ന് ചോദിച്ചു. ഈ സത്യം രാജ്യവും ലോകവും കാണുന്നുണ്ടെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ തുടരുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
"ആരെയാണ് സംരക്ഷിക്കുന്നത്, ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയെയോ?" മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്
"ആരെയാണ് സംരക്ഷിക്കുന്നത്, ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയെയോ?" മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്