പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 29 വരെ 9 ദിവസങ്ങളിലായിരിക്കും സഭ സമ്മേളിക്കുക. നൂറുദിന കർമ്മപദ്ധതിയിലൂടെയും ജനക്ഷേമ വികസന പ്രവർത്തനങ്ങളിലൂടെയും ജനമനസ്സുകളിൽ ഇടംനേടിയ യു.ഡി.എഫ് സർക്കാർ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സഭയിലെത്തുന്നത്. നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാകും സമ്മേളനത്തിന്റെ അന്തിമ അജണ്ടകൾക്ക് രൂപം നൽകുക.
പ്രധാന ബില്ലുകളും ഉപധനാഭ്യർത്ഥനകളും സഭയുടെ പരിഗണനയിൽ
പുതുക്കിയ ബജറ്റിന്റെ ഉപധനാഭ്യർത്ഥനകളും അധിക ധനാഭ്യർത്ഥനകളും ഈ സമ്മേളനം പരിഗണിക്കും. വയോജനക്ഷേമ ബില്ലടക്കം സുപ്രധാനമായ നാല് ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. നൂറുദിന കർമ്മപദ്ധതിയിലൂടെ 568 പദ്ധതികൾ പൂർത്തിയാക്കാനായത് സർക്കാരിന് വലിയ കരുത്തേകുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കിയതിനൊപ്പം സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതികളും വിജയകരമായി ആവിഷ്കരിച്ചാണ് സർക്കാർ സഭയെ അഭിമുഖീകരിക്കുന്നത്.
പ്രതിസന്ധിയിലായി പ്രതിപക്ഷം മാസപ്പടി-ഹവാല കേസുകളിൽ പ്രതിപക്ഷ നേതാവും കുടുംബവും ഉൾപ്പെടെ പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ഇടതുമുന്നണി സഭയിലെത്തുന്നത്. കൂടാതെ, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ തുടരുന്ന തർക്കങ്ങൾ വലിയ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്.
മറുപടികളുമായി സർക്കാരിന്റെ മുന്നേറ്റം
പ്രതിപക്ഷത്തിന്റെ വിമർശനങ്ങളുടെ മുനയൊടിക്കുന്ന നിലപാടുകളോടെയാണ് സർക്കാർ സഭയിലെത്തുന്നത്. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയും ഇടനിലക്കാരെ ഒഴിവാക്കി മരുന്ന് കമ്പനികളിൽ നിന്ന് നേരിട്ട് മരുന്ന് വാങ്ങാനുള്ള സുപ്രധാന തീരുമാനം കൈക്കൊള്ളുകയും ചെയ്തത് സർക്കാരിന്റെ കൈമുതലാണ്.