Jairam Ramesh| ഓപ്പറേഷന്‍ സിന്ദൂര്‍: സിഡിഎസ് അനില്‍ ചൗഹാനെതിരെ കോണ്‍ഗ്രസ്; വാജ്പേയിയെ ഓര്‍മ്മിപ്പിച്ച് ജയറാം രമേശ്
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 04, 2026
ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍ 'ഓപ്പറേഷന്‍ സിന്ദൂറി'നെക്കുറിച്ച്‌നടത്തിയ പരാമര്‍ശങ്ങള്‍ ഗുരുതരമെന്നും കൂടുതല്‍ പഠിക്കേണ്ടതാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. സിഡിഎസ് നടത്തിയ പരാമര്‍ശങ്ങള്‍ വിശാലമായ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെക്കുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിന്ദൂര്‍ ഓപ്പറേഷനില്‍ ഇന്ത്യക്ക് സൈനിക നഷ്ടങ്ങളുണ്ടായതായി അദ്ദേഹം സമ്മതിച്ചതാണ് വിവാദമായത്. സൈനിക ഉദ്യോഗസ്ഥന്‍ വിദേശത്ത് വെളിപ്പെടുത്തുന്നതിന് മുമ്പ് പ്രതിരോധ മന്ത്രി രാഷ്ട്രീയ പാര്‍ട്ടികളെ ഇക്കാര്യം അറിയിക്കണമായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.
സിംഗപ്പൂരില്‍ ഷാങ്ഗ്രി-ലാ ഡയലോഗില്‍ പങ്കെടുക്കാനെത്തിയ ജനറല്‍ ചൗഹാന്‍, ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാനുമായുള്ള സമീപകാല സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതായി ആദ്യമായി സമ്മതിച്ചത്. കാര്‍ഗില്‍ അവലോകന സമിതിക്ക് സമാനമായ ഒരു സ്വതന്ത്ര വിദഗ്ധ സമിതി ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പുകള്‍ സമഗ്രമായി വിലയിരുത്തണമെന്ന പാര്‍ട്ടിയുടെ ആവശ്യവും ജയറാം രമേശ് ഉന്നയിച്ചു.
'സിംഗപ്പൂരില്‍ നിന്നുള്ള പ്രസ്താവനകള്‍ക്കായി നമ്മള്‍ എന്തിന് കാത്തിരിക്കണം? നമ്മളാണ് ജനാധിപത്യത്തിന്റെ മാതാവ് എന്ന് കരുതപ്പെടുന്നത്. ജനറല്‍ ചൗഹാന്‍ ഉന്നയിച്ച വിഷയങ്ങള്‍ നിര്‍ണായകമാണ്, അവ സൈനിക തന്ത്രത്തെ മാത്രമല്ല, വിദേശനയം, സാമ്പത്തിക നയം, നയതന്ത്ര തന്ത്രം എന്നിവയെയും ബാധിക്കുന്നതാണ്,ജയറാം രമേശ് പറഞ്ഞു.
'ഓപ്പറേഷന്‍ സിന്ദൂറിന്' ശേഷം നടന്ന സര്‍വകക്ഷി യോഗങ്ങളില്‍ പ്രതിരോധ മന്ത്രി ഈ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ജനറല്‍ ചൗഹാന്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പ്രതിരോധ മന്ത്രി അദ്ദേഹം അധ്യക്ഷത വഹിച്ച രണ്ട് സര്‍വകക്ഷി യോഗങ്ങളില്‍ അറിയിച്ചിരുന്നെങ്കില്‍ അത് കൂടുതല്‍ ഉചിതമാകുമായിരുന്നു. ജനറല്‍ ചൗഹാന്‍ പങ്കുവെച്ച വിവരങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുകയും ചെയ്യണമായിരുന്നു. അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്നും പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ജനറല്‍ ചൗഹാന്‍ ഇന്നലെ സിംഗപ്പൂരില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞങ്ങളുടെ ആവശ്യത്തിന് ഇപ്പോള്‍ കൂടുതല്‍ പ്രസക്തി നല്‍കുന്നു. ജയറാം രമേശ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ആരംഭിച്ച 'ഓപ്പറേഷന്‍ സിന്ദൂറി'നിടെ, ആറ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം ഇന്ത്യ നിഷേധിച്ചിരുന്നു.
നാല് റഫാല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാകിസ്ഥാന്റെ വാദം 'തികച്ചും തെറ്റാണ്' എന്ന് ജനറല്‍ ചൗഹാന്‍ തറപ്പിച്ചുപറഞ്ഞു. 'വിമാനം തകര്‍ന്നതല്ല, മറിച്ച് എന്തുകൊണ്ട് അവ തകര്‍ന്നു എന്നതാണ് പ്രധാനം... എന്തുകൊണ്ട് അവ തകര്‍ന്നു, എന്ത് തെറ്റുകള്‍ സംഭവിച്ചു - അതാണ് പ്രധാനം. എണ്ണമല്ല പ്രധാനം,' ജനറല്‍ ചൗഹാന്‍ പറഞ്ഞു.
1999 ജൂലൈയില്‍ കാര്‍ഗില്‍ യുദ്ധം അവസാനിച്ചതിന് മൂന്ന് ദിവസത്തിനകം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി കാര്‍ഗില്‍ അവലോകന സമിതി രൂപീകരിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പിതാവ് അന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ നാലംഗ സമിതിയില്‍ ഒരാളായിരുന്നുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10