"40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം"; പഞ്ചസാര വിലവർധനവിനെ ന്യായീകരിച്ച് ബിജെപി മന്ത്രി; ജനങ്ങളെ അപമാനിക്കുകയാണെന്ന് കോൺഗ്രസ്
രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ, വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ. പഞ്ചസാരയ്ക്ക് ശരിക്കും വലിയ രീതിയിൽ വില കൂട്ടണമെന്നും, 40 വയസ്സിന് മുകളിലുള്ളവർ പഞ്ചസാര ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നുമാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്. ഇക്കാലത്ത് 90 ശതമാനം ആളുകൾക്കും മധുരം ഇഷ്ടമല്ലെന്നും താൻ മധുരപലഹാരങ്ങൾ കഴിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്നവർക്ക് കുറഞ്ഞ വിലയ്ക്ക് നൽകേണ്ടതില്ലെന്ന് നിർദ്ദേശം
40 കഴിഞ്ഞവർ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നും അപൂർവ്വമായി വേണമെങ്കിൽ ശർക്കര ഉപയോഗിക്കാമെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ കുട്ടികൾക്കായി സർക്കാർ റേഷൻ കടകൾ വഴി മാത്രം കുറഞ്ഞ നിരക്കിൽ പഞ്ചസാര നൽകിയാൽ മതിയെന്നും, മുതിർന്നവർക്ക് ഇത് സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ നൽകേണ്ടതില്ലെന്നുമാണ് വിജയവർഗിയയുടെ നിലപാട്.
മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്
മന്ത്രിയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. വിലക്കയറ്റം കുറയ്ക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ബിജെപി നേതാക്കൾ, ഇപ്പോൾ ദരിദ്രരെയും ഇടത്തരക്കാരെയും പരിഹസിക്കുകയാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി ആരോപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനം ബിജെപിയുടെ ഈ പരിഹാസത്തിന് തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിലെ എഥനോൾ മിശ്രിതം വർധിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ നയമാണ് പഞ്ചസാര വിലവർധനവിന് കാരണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.