മൂന്നാം കിരീടം തേടി ഇന്ത്യ; കന്നി കിരീടം ലക്ഷ്യമിട്ട് കിവീസ്; അഹമ്മദാബാദില്‍ ഇന്ന് കലാശപ്പോര്
Jaihind TV News Report
Jaihind TV Web Desk
March 08, 2026
1 min read
•
Updated: June 07, 2026
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ന് ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ്. ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് കരുത്തരായ ന്യൂസിലന്‍ഡിനെ നേരിടും.
ഐസിസി നോക്കൗട്ടുകളില്‍ ഇന്ത്യക്ക് എന്നും പേടിസ്വപ്നമായിരുന്നു കിവീസ്. 2019-ലെ ഏകദിന ലോകകപ്പ് സെമിയിലെ ധോണിയുടെ റണ്ണൗട്ടും, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പരാജയവും ഇന്നും ആരാധകരുടെ മനസ്സില്‍ നോവായി ബാക്കിനില്‍ക്കുന്നു. മാത്രമല്ല, ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഏറ്റുമുട്ടിയ മൂന്നുതവണയും വിജയം കിവീസിനൊപ്പമായിരുന്നു എന്നതും ഇന്ത്യക്ക് ആശങ്ക നല്‍കുന്നു.
എന്നാല്‍ ആ ചരിത്രമൊന്നും ഇന്നത്തെ ഫൈനലില്‍ ഇന്ത്യയെ തളര്‍ത്തില്ല. 2023 ഏകദിന ലോകകപ്പ് സെമിയില്‍ കിവീസിനെ വീഴ്ത്തിയ ആത്മവിശ്വാസവും, സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആവേശവും ഇന്ത്യയുടെ കരുത്താണ്. മലയാളി താരം സഞ്ജു സാംസണിന്റെയും പേസ് കുന്തമുന ജസ്പ്രീത് ബുംറയുടെയും പ്രകടനങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍.
സഞ്ജുവിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ബാറ്റിംഗിന് പുതിയ ജീവന്‍ നല്‍കി. സിംബാബ്വേക്കെതിരായ മത്സരത്തില്‍ സഞ്ജു നല്‍കിയ മികച്ച തുടക്കം ടീമിന്റെ ആത്മവിശ്വാസം കൂട്ടി. വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ പുറത്താകാതെ 97 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു, ഇന്ത്യയെ സെമിയിലേക്ക് കൈപിടിച്ചുയര്‍ത്തി. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും സഞ്ജു 'മാന്‍ ഓഫ് ദ മാച്ച്' പുരസ്‌കാരം നേടി മിന്നുന്ന ഫോം തുടര്‍ന്നു.
സഞ്ജുവിന് പുറമെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര അപകടകാരികളാണ്. എന്നാല്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ ഫോമില്ലായ്മ ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയുടെ സാന്നിധ്യം ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും, അര്‍ഷ്ദീപ് സിംഗിന്റെ റണ്‍ വിട്ടുകൊടുക്കുന്ന രീതിയും, കഴിഞ്ഞ മത്സരങ്ങളില്‍ നിറംമങ്ങിയ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോമും ടീമിന് വെല്ലുവിളിയാണ്. അഹമ്മദാബാദിലെ ഫൈനലില്‍ വരുണ്‍ മികച്ച രീതിയില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മറുവശത്ത് കന്നി കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. വളരെ സാവധാനം തുടങ്ങിയ കിവീസ്, സെമിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിട്ട ആത്മവിശ്വാസവുമായാണ് ഫൈനലിലെത്തുന്നത്. മിച്ചല്‍ സാന്റ്നറുടെ തന്ത്രങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കരുതിയിരിക്കേണ്ട ഒന്നാണ്. ഫീല്‍ഡിംഗില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കാട്ടിയ അച്ചടക്കം ഫൈനലിലും തുടര്‍ന്നാല്‍ മൂന്നാം ലോകകിരീടം സൂര്യയും സംഘവും അഹമ്മദാബാദില്‍ ഉയര്‍ത്തുമെന്നുറപ്പാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10