എക്സാലോജിക് കേസിൽ വീണ വിജയന് കനത്ത തിരിച്ചടി; നിർണായക രേഖകൾ ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവ്
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വീണയ്ക്കും സിഎംആര്‍എല്‍ കമ്പനിക്കും കനത്ത തിരിച്ചടി. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിട്ടുകൊടുക്കാന്‍ കൊച്ചിയിലെ കമ്പനി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. ഇഡി സമര്‍പ്പിച്ച പ്രത്യേക അപേക്ഷ കോടതി അനുവദിച്ചതോടെ കേസ് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിര്‍ണായക രേഖകളാണ് ഇഡിക്ക് ലഭിക്കുക. എക്‌സാലോജിക് കമ്പനിയും വീണ വിജയനും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാറുകള്‍, എക്‌സാലോജിക്കിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, വീണയുടെ ഐടി റിട്ടേണ്‍സ് എന്നിവയുള്‍പ്പെടെയുള്ള അതീവ തന്ത്രപ്രധാനമായ രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ രേഖകള്‍ ഇഡിക്ക് കൈമാറുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് എസ്എഫ്‌ഐഒ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
രേഖകള്‍ ഇഡിക്ക് നല്‍കുന്നതിനെ സിഎംആര്‍എല്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണെന്ന വാദമാണ് സിഎംആര്‍എല്‍ ഉന്നയിച്ചത്. എന്നാല്‍, അന്വേഷണ ഏജന്‍സി എന്ന നിലയില്‍ ഇഡിക്ക് രേഖകള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതി ഈ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു. നേരത്തെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിചാരണ കോടതിയില്‍ നിന്നും സിഎംആര്‍എല്ലിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.
രേഖകള്‍ പൂര്‍ണ്ണമായി വിശകലനം ചെയ്ത ശേഷം വീണ വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിനാണ് ഇഡിയുടെ നീക്കം. സമഗ്രമായ തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ഇഡിയുടെ ലക്ഷ്യം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.