തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. സ്ഥലംമാറ്റം സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയത്. കേസ് ഇനി ട്രൈബ്യൂണൽ വിശദമായി പരിഗണിച്ചു തീർപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഡോ. കെ.ജെ. റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനിച്ചെന്ന സർക്കാരിന്റെ വാദം കോടതി പൂർണ്ണമായും അംഗീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല ലഭിച്ച ഡോ. വി. മീനാക്ഷി ഈ മാസം 13-ന് തന്നെ ചുമതലയേറ്റ കാര്യവും കോടതി ഉത്തരവിൽ എടുത്തുപറഞ്ഞു. ഡോ. കെ.ജെ. റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടായിരുന്നു സർക്കാർ സ്ഥലംമാറ്റിയിരുന്നത്.
സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നുപിടിച്ച അടിയന്തര സാഹചര്യത്തിൽ ഡയറക്ടർ അവധിക്ക് അപേക്ഷിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇവരെ മാറ്റിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, സ്ഥലംമാറ്റത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും താൻ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും കാണിച്ച് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണൽ അനുകൂല ഉത്തരവ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ റീന ഡി.എച്ച്.എസ് ഓഫീസിലെത്തി ചുമതലയേൽക്കാൻ ശ്രമിച്ചത് വലിയ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും.