'ബിനോയ് വിശ്വത്തിന് നേതൃഗുണമില്ല; ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാന്‍ പോലും യോഗ്യതയില്ല': സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗണ്‍സിലില്‍ കടുത്ത വിമര്‍ശനം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷവിമര്‍ശനം. സി.കെ. ചന്ദ്രപ്പന് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യനായ ഒരു സംസ്ഥാന സെക്രട്ടറി പോലും ഉണ്ടായിട്ടില്ലെന്ന് യോഗത്തില്‍ നേതാക്കള്‍ തുറന്നടിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ആവശ്യമായ നേതൃഗുണമില്ലെന്നും, പലപ്പോഴും അദ്ദേഹം വസ്തുതകള്‍ക്ക് പകരം വൈകാരികമായി മാത്രമാണ് പ്രതികരിക്കുന്നതെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഇത്തരം വൈകാരിക പ്രതികരണങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കുകയേ ഉള്ളൂവെന്നും, കാലങ്ങളായി സിപിഎമ്മിന്റെ 'ബി ടീം' ആയാണ് സിപിഐ പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
മുന്‍ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരെയും യോഗത്തില്‍ കടുത്ത ഭാഷയിലാണ് നേതാക്കള്‍ സംസാരിച്ചത്. ചടയമംഗലത്ത് പരാജയപ്പെട്ട ചിഞ്ചുറാണിക്ക് ഒരു പഞ്ചായത്ത് മെമ്പറാകാന്‍ പോലുമുള്ള യോഗ്യതയില്ലെന്നും, കൊല്ലം ജില്ലയിലെ പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയ്ക്ക് കാരണം അവരാണെന്നും വിമര്‍ശനമുയര്‍ന്നു. കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തളിപ്പറമ്പില്‍ ഭാര്യ പി.കെ. ശ്യാമളയെയും, സത്യന്‍ മൊകേരി നാദാപുരത്ത് ഭാര്യ പി. വസന്തത്തെയും സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ അതിന് കൂട്ടുനിന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് നാദാപുരത്തെ വന്‍ പരാജയത്തിന് വഴിവെച്ചതെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ശനിയാഴ്ച നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും സമാനമായ രീതിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.