കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ നെറികേടുകള്‍ക്കും അഴിമതിക്കുമെതിരായ കോണ്‍ഗ്രസ് പോരാട്ടം ഫലം കാണും: കെ സുധാകരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
July 23, 2022
1 min read
•
Updated: June 05, 2026
കോഴിക്കോട്: കേരളത്തിലും കേന്ദ്രത്തിലും നടക്കുന്ന ഭരണ നെറികേടുകൾക്കും അഴിമതികൾക്കും എതിരേ കേരളത്തിലെ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭങ്ങൾ വെറുതേയാവില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. കേരളത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകർ നടത്തുന്നത് സമാനതകളില്ലാത്ത പോരാട്ടമാണ്. ഈ സമരങ്ങൾ ലക്ഷ്യം കാണേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കങ്ങളാണ് രണ്ടു ദിവസത്തെ ചിന്തൻ ശിബിരം വിഭാവന ചെയ്യുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് കെ സുധാകരന്‍ എംപി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ കോൺഗ്രസിന് കഴിഞ്ഞില്ല. സംഘടനാപരമായ ദൗർബല്യമടക്കമുള്ള പ്രശ്നങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട്. അഴിമതിയും ധൂർത്തും തന്നിഷ്ടവും മാത്രം കൈമുതലായുള്ള ഒരു സർക്കാരായിരുന്നു അന്ന് അധികാരത്തിലിരുന്നത്. ഈ സർക്കാർ മാറണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. പക്ഷേ അവരുടെ ആഗ്രഹം സഫലമായില്ല. അതിൽ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും നിരാശരാണ്. ഈ നിരാശയിൽ നിന്ന് അവരെ മോചിപ്പിക്കണം. രണ്ടാമതൊരു പരാജയത്തിന് ഇനി അനുവദിക്കാനാവില്ല. അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിൽ അതിനുള്ള മറുപടി നൽകും. അതിനുള്ള ഉത്തരവാദിത്വം പാർട്ടി നേതൃത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. അതിന് ഊർജം പകരാനുള്ള നിർദേശങ്ങളും പാർട്ടി രേഖയും ചിന്തൻ ശിബിരത്തിലുണ്ടാകണമെന്നു അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിലും കോൺഗ്രസ് ദുർബലമായിട്ടുണ്ട്. കോൺഗ്രസ് തളർന്നാൽ ഇന്ത്യ തളരും. നമ്മുടെ മതേതരത്വം തളരും. ജനാധിപത്യം തളരും. ഇന്ത്യ അപ്പാടെ ഇല്ലാതാകും. ദേശീയതലത്തിൽ കോൺഗ്രസ് ഇല്ലെങ്കിൽ രാജ്യം തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകും. കോൺഗ്രസ് തളർന്നപ്പോൾ വർഗീയത വളരുന്നതാണ് നാമിപ്പോൾ കാണുന്നത്. ഫാസിസ്റ്റ് അജണ്ടയാണ് ബിജെപി നടപ്പാക്കുന്നത്. ഇന്ത്യയുടെ മതേതര ഭരണഘടനയല്ല അവരുടെ ലക്ഷ്യം. ഹിന്ദുത്വ അജണ്ടയാണ് അവർ നടപ്പാക്കുന്നത്. മതേതര ഭാരതമല്ല, ഹിന്ദു രാജ്യമാണ് അവരുടെ ലക്ഷ്യം.നമ്മുടെ രാജ്യത്തിന് ജനാധിപത്യവും മതേതരത്വവും നൽകിയത് കോൺഗ്രസാണ്. ഇതെല്ലാം തകർക്കുകയാണ് ബിജെപി. അവരിൽ നിന്ന് മതേതരത്വവും ജനാധിപത്യവും പ്രതീക്ഷിക്കേണ്ടതില്ല. ഈ അപകടം ചെറുക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും കെ സുധാകരൻ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിന്റെ മുഖഛായ മാറ്റുകയാണ് പുതിയ നേതൃത്വത്തിന്‍റെ ലക്ഷ്യം. ഹൈക്കമാൻഡിന്‍റെ പൂർണ്ണ പിന്തുണ അതിനുണ്ട്. കേരളത്തിലെ പാർട്ടി പുനഃസംഘടന ഇനി ഒട്ടും വൈകില്ല. സംസ്ഥാന തലത്തിൽ പാർട്ടി സ്കൂളുകൾ ശക്തമാക്കും. സിയുസികൾ കൂടുതൽ ശക്തമാക്കും. കോൺഗ്രസിന്റെ ഓരോ കുടുംബങ്ങളും സിയുസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കും. രാഷ്‌ട്രീയത്തിനപ്പുറത്തേക്ക് ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പാർട്ടിയെ സജ്ജമാക്കും. അതിനുള്ള രൂപ രേഖ തയാറാക്കാൻ കൂടിയാണ് ചിന്തൻ ശിബിരം. ഇവിടെ ഉരുത്തിയുന്ന ആശയങ്ങൾ പാർട്ടി നയരേഖയായി മാറ്റുമെന്നും എല്ലാവരുടെയും ആഗ്രഹങ്ങൾക്കൊപ്പിച്ച് പാർട്ടിയെ മാറ്റുമെന്നും കെ സുധാകരൻ എംപി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10