ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ഔദ്യോഗിക വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ പൂട്ടിപ്പിച്ചതായി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ ഗുരുതര ആരോപണം. പത്ത് ലക്ഷത്തോളം ആളുകള്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വെബ്സൈറ്റിലേക്ക് ഇപ്പോള്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) ഹാന്‍ഡിലിലൂടെയാണ് അഭിജീത് ഭരണകൂടത്തിനെതിരെ രംഗത്തെത്തിയത്.
വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുന്നതിനിടയിലാണ് വെബ്സൈറ്റിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സിജെപിയുടെ വാദം. പത്ത് ലക്ഷം അംഗങ്ങളുള്ള സൈറ്റില്‍ നിന്നും, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പെറ്റീഷനില്‍ ആറ് ലക്ഷത്തോളം പേര്‍ ഇതിനകം ഒപ്പുവെച്ചിരുന്നുവെന്നും അഭിജീത് അവകാശപ്പെട്ടു.
'ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സര്‍ക്കാര്‍ നീക്കം ചെയ്ത വിവരം നിങ്ങളെ അറിയിക്കുകയാണ്. മികച്ചൊരു ഭാവി ആവശ്യപ്പെട്ട ഇന്ത്യയിലെ യുവാക്കളുടെ കൂട്ടായ്മയെയാണോ സര്‍ക്കാര്‍ ഭയപ്പെടുന്നത്? ഭരണകൂടത്തിന്റെ ഈ ഏകാധിപത്യപരമായ പെരുമാറ്റം രാജ്യത്തെ യുവാക്കളുടെ കണ്ണുതുറപ്പിക്കും'- അഭിജീത് ദീപ്‌കെ കുറിച്ചു.
നേരത്തെ, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിനും കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അന്ന് എക്‌സ് അധികൃതര്‍ അക്കൗണ്ട് തടഞ്ഞുവെച്ചത്. ഇതിന് പിന്നാലെ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരില്‍ പുതിയ അക്കൗണ്ടുമായാണ് സംഘടന നിലവില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. വെബ്സൈറ്റ് കൂടി പൂട്ടിയതോടെ കേന്ദ്ര സര്‍ക്കാരും സിജെപിയും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്.
സിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് പൂട്ടിപ്പിച്ചതായി ആരോപണം; കോക്രോച്ചുകളെ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തുകൊണ്ടെന്ന് അഭിജീത് ദീപ്‌കെ