കൊച്ചി: കേരളത്തെ നടുക്കിയ അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ച് ഹൈക്കോടതിയുടെ നിര്‍ണായക വിധി. കേസിലെ 12 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് വിചാരണ കോടതി നേരത്തെ ഇവര്‍ക്ക് ഏഴ് വര്‍ഷം തടവുശിക്ഷയായിരുന്നു നല്‍കിയിരുന്നത്. ഇതാണ് ഹൈക്കോടതി ഇപ്പോള്‍ ജീവപര്യന്തമായി ഉയര്‍ത്തിയത്.
രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ശംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി കുരിക്കള്‍ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് കോടതി വര്‍ധിപ്പിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതികളില്‍ മരയ്ക്കാര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി തള്ളി.
അതേസമയം, കേസില്‍ വലിയൊരു വഴിത്തിരിവായി ഒന്നാം പ്രതിയായ മേച്ചേരിയില്‍ ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. ഹുസൈന്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി അനുവദിക്കുകയായിരുന്നു. കേസിലെ 16-ാം പ്രതിയുടെ ശിക്ഷ വിചാരണക്കോടതി വിധിച്ചിരുന്ന മൂന്ന് മാസത്തില്‍ നിന്നും ഒരു വര്‍ഷമാക്കി ഹൈക്കോടതി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കൂടാതെ, മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.
അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി ഹൈക്കോടതി; ഒന്നാം പ്രതിയെ വെറുതെ വിട്ടു