താര സംഘടനയായ 'അമ്മ'യിലെ ആഭ്യന്തര ചേരിപ്പോര് കൂടുതൽ വഷളാകുന്നതിനിടെ, തന്റെ പരാതി കേൾക്കാൻ പ്രത്യേക നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്ന നടി അൻസിബ ഹസന്റെ ആവശ്യം സംഘടന തള്ളിയേക്കും. സംഘടനയിൽ നിന്ന് രാജിവെച്ച ജോയിന്റ് സെക്രട്ടറി കൂടിയായ അൻസിബയുടെ ഈ ആവശ്യത്തോട് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഓരോരുത്തരും വ്യക്തിപരമായി ആവശ്യപ്പെടുന്ന രീതിയിലല്ല 'അമ്മ' എന്ന സംഘടന പ്രവർത്തിക്കുന്നതെന്ന് കുക്കു പരമേശ്വരൻ വ്യക്തമാക്കി.
തന്റെ പരാതികൾ നിഷ്പക്ഷമായി പരിശോധിക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. ഇവരിൽ ആർക്കെങ്കിലും താല്പര്യമില്ലെങ്കിൽ ബദൽ അംഗങ്ങളെ തന്നോട് ആലോചിച്ച് തീരുമാനിക്കണമെന്നും അൻസിബ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിലെ ഭരണസമിതിക്ക് മുന്നിൽ ഹാജരാകാൻ താല്പര്യമില്ലെന്ന നിലപാടിലാണ് അൻസിബ. അതേസമയം, ടിനി ടോം ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന പരാതികളിൽ അൻസിബയെ നേരിട്ട് കേൾക്കാൻ 'അമ്മ' നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജൂൺ ആദ്യവാരം നേരിട്ടെത്താൻ നടിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സംഘടന.
ഇതിനിടെ, നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മയ്ക്കുമെതിരെ അൻസിബ ഹസൻ മുഖ്യമന്ത്രി വി.ഡി സതീശനും
ഡിജിപിക്കും പരാതി നൽകി. ലക്ഷ്മിപ്രിയ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അവഹേളിച്ചതായും, വനിതാ എസ്‌ഐ നിയമവിരുദ്ധമായി തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതായും അൻസിബ പരാതിയിൽ ആരോപിക്കുന്നു. തനിക്കെതിരെ നടന്ന ഈ ഗൂഢാലോചനയ്ക്കും മാനഹാനിക്കും പ്രതിവിധിയായി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അൻസിബയുടെ നീക്കം. ടിനി ടോമിനെതിരെയുള്ള അൻസിബയുടെ പരാതിയിൽ പോലീസിന്റെ തുടർനടപടികളും ഇന്നറിയാൻ സാധിക്കും.