Logo
Tue, Jul 28, 2026 • 07:11 PM
LIVE TV
Watch

No business videos available

No Middle East videos available

'വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളാണോ? എകെ 47 നും പെല്ലറ്റും പ്രയോഗിക്കാന്‍ ഉത്തരവിട്ടത് മോദിയോ അമിത് ഷായോ?'; ലോക്സഭയില്‍ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 28, 2026
1 min read
SHARE:
SAVE: Login to save

'വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളാണോ? എകെ 47 നും പെല്ലറ്റും പ്രയോഗിക്കാന്‍ ഉത്തരവിട്ടത് മോദിയോ അമിത് ഷായോ?'; ലോക്സഭയില്‍ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. പൊതുപരീക്ഷാ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കവെ, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ തീവ്രവാദികളെപ്പോലെയാണ് സര്‍ക്കാര്‍ നേരിട്ടതെന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പ്രിയങ്ക, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബലപ്രയോഗത്തിന് ഉത്തരവിട്ടത് ആരാണെന്ന് സഭയില്‍ ചോദിച്ചു.

'വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും ജലപീരങ്കിയും പെല്ലറ്റ് തോക്കുകളും എകെ-47 പോലും പ്രയോഗിക്കേണ്ട എന്ത് ആവശ്യമായിരുന്നു ഉണ്ടായിരുന്നത്? അവര്‍ തീവ്രവാദികളായിരുന്നോ?' പ്രിയങ്ക ചോദിച്ചു. പ്രസംഗത്തിനിടെ ഭരണപക്ഷ അംഗങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, 'അതെ, കോണ്‍ഗ്രസ് ഈ ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും, ഇനി നിങ്ങള്‍ ഇതിന് മറുപടി പറയു' എന്ന് പ്രിയങ്ക തിരിച്ചടിച്ചു. ആക്രമണത്തിന് ഉത്തരവിട്ടത് പ്രധാനമന്ത്രിയാണോ അതോ ആഭ്യന്തരമന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് മാത്രമല്ല, രാജ്യം മുഴുവന്‍ ഈ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികളായ പ്രതിഷേധക്കാരെ പോലീസ് അപമാനിച്ചതായും പ്രിയങ്ക ആരോപിച്ചു. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാനും അവരെ മൃഗീയമായി മര്‍ദ്ദിക്കാനും ആരാണ് അനുവാദം നല്‍കിയതെന്ന് പ്രിയങ്ക ചോദിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒരു വിദ്യാര്‍ത്ഥിനിയെ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച പ്രിയങ്ക, ആ പെണ്‍കുട്ടിയുടെ അമ്മയുടെ വേദനയും നീതിക്കായുള്ള പോരാട്ടവീര്യവും സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. വീഡിയോ ചിത്രീകരിക്കാന്‍ പല നേതാക്കളും വന്നുവെങ്കിലും താന്‍ ഒറ്റയ്ക്ക് പോരാടുമെന്നാണ് ആ അമ്മ പറഞ്ഞതെന്ന് പ്രിയങ്ക ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ യുവാക്കളുടെ ശബ്ദത്തെ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 'നിങ്ങള്‍ എന്തിനാണ് ഈ രാജ്യത്തെ ചെറുപ്പക്കാരെ ഭയക്കുന്നത്? അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത്?' എന്ന് പ്രിയങ്ക ചോദ്യമുയര്‍ത്തി. പാര്‍ലമെന്റ് അധികാരത്തിന്റെ കേന്ദ്രമല്ലെന്നും ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥരായ ജനപ്രതിനിധികളുടെ വേദിയാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

'ഈ സഭ ഇവിടെ ഇരിക്കുന്നവരുടേതല്ല, ഇന്ത്യന്‍ ജനതയുടേതാണ്. നമ്മള്‍ ജനങ്ങളുടെ സേവകരാണ്, യജമാനന്മാരല്ല. ജനാധിപത്യവും ഭരണഘടനയുമാണ് പരമോന്നതം, അവയെ തകര്‍ക്കുന്നത് പാപമാണ്,' പ്രിയങ്ക പറഞ്ഞു. മാതാപിതാക്കള്‍ ആഭരണങ്ങള്‍ വിറ്റും ഭൂമി പണയം വെച്ചുമാണ് മക്കളെ പഠിപ്പിക്കുന്നത്. എന്നാല്‍ കഠിനാധ്വാനത്തേക്കാള്‍ പ്രധാനം അഴിമതിയാണെന്ന് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ കരുതേണ്ടി വരുന്നത് വലിയ ദുരന്തമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10